കോഴിക്കോട്: മീഡിയവണിന്‍റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചതിന് പിന്നാലെ ചാനൽ തത്സമയ സംപ്രേഷണം പുനരാരംഭിച്ചു. കേന്ദ്ര സർക്കാറിന്‍റെ സംപ്രേഷണം വിലക്ക് രണ്ട് ദിവസത്തേക്കാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ബെഞ്ച് മരവിപ്പിച്ചത്.
സംപ്രേഷണ വിലക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയ ഹൈകോടതി, ഹരജി വീണ്ടും പരിഗണിക്കാനായി ബുധനാഴ്ചത്തേക്ക് മാറ്റി.
സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സുരക്ഷാ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും സംപ്രേഷണം തൽകാലം നിർത്തിവെക്കുകയാണെന്നുമായിരുന്നു എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചത്. രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്.
പ്രിയ പ്രേക്ഷകരെ,
മീഡിയവണിൻെറ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിൻെറ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിൻെറ പൂർണനടപടികൾക്കു ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.
നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.
പ്രമോദ് രാമൻ
എഡിറ്റർ,
മീഡിയവൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.