രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചനയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബി.ജെ.പിയെ കുറിച്ച് മാധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്. ബി.ജെ.പി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ സങ്കൽപ കഥയാക്കി അവതരിപ്പിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന് മേൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതിൽ ബി.ജെ.പി ശക്തമായി പ്രതിഷേധിക്കുന്നു. കോർ കമ്മിറ്റിയിൽ എസ്. സുരേഷിനെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകൾ പൂർണമായും തെറ്റാണ്. പാർട്ടി പ്രവർത്തകരും അനുഭാവികളും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴില്ല. എന്നാൽ, പൊതുസമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനാണ് ചിലരുടെ ലക്ഷ്യമെങ്കിൽ അത് പരാജയപ്പെടും. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്ന് നിരവധി തവണ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്.

വീണ്ടും, നടക്കാത്ത ചർച്ചകൾ നടന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ തുടരുന്നത് മാധ്യമ ധർമ്മമല്ല. നടന്നിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്, സമൂഹത്തിൽ വിശ്വാസ്യത നേടിയ മാധ്യമങ്ങൾ പോലും വസ്തുതയില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. ബി.ജെ.പിയുടെ ആഭ്യന്തര വിഷയങ്ങളിൽ കാണിക്കുന്ന ഈ അമിതമായ താൽപര്യവും ശുഷ്കാന്തിയും നല്ലതല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ബി.ജെ.പി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെയും മുൻ സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. ഫണ്ട് ക്രമക്കേടിൽ അഞ്ജനാ രഞ്ജിത്തിന് പ്രധാന പങ്കുണ്ടെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് മൊഴിയെടുത്തതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷൻ നേരിട്ട് വിളിപ്പിച്ച് വിവരങ്ങൾ തേടിയത്.

ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ വിശദീകരണമെങ്കിലും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെയും യോഗത്തിൽ വിമർശനങ്ങൾ ഉയർന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫിസ് ചുമതലയിൽ നിന്ന് നേരത്തെ ഗിരീഷിനെ മാറ്റിയിരുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 'ഉപ്പ് തിന്നവർ വെള്ളം കുടിക്കും' എന്നായിരുന്നു വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

Tags:    
News Summary - മാധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചനയെന്ന് രാജീവ് ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.