സ്ത്രീധന പീഡന പരാതി: പൊലീസ് നടപടി വൈകിയെന്ന് ആക്ഷേപം, ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെ പ്രതികൾ പിടിയിൽ
ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദിച്ചെന്ന പരാതിയിൽ പ്രതികൾ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകുന്നെന്ന ആരോപണത്തെ തുടർന്ന് ജില്ല പൊലീസ് മേധാവി ഇടപെട്ടതോടെയാണ് ഭർത്താവ് ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭർത്താവ് തൃക്കുന്നപ്പുഴ പല്ലന താനുവേലിൽ വീട്ടിൽ നിധിൻ, മാതാപിതാക്കളായ മോഹനൻ, റീന എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു.
തൃക്കുന്നപ്പുഴ പൊലീസിൽ സെപ്റ്റംബർ 23ന് പരാതി നൽകിയെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാതെ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും തൃക്കുന്നപ്പുഴ പൊലീസ് പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക പോലും ചെയ്തിരുന്നില്ല. തുടർന്ന് രഹ്ന ആലപ്പുഴ ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന് പരാതി നൽകുകയായിരുന്നു.
വഴക്കിനിടെ രഹ്നയെ ഭർത്താവ് നിലത്തിട്ട് വലിച്ചിഴക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകളോടെയാണ് പരാതി നൽകിയതെങ്കിലും പൊലീസ് ഇടപെടൽ വൈകിയെന്ന് രഹ്ന പറഞ്ഞു. എന്നാൽ, സ്ത്രീധന പീഡനക്കേസുകളിൽ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട സ്വാഭാവിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് പൊലീസിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.