മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെ; ഗുണ്ടായിസം ഇനിയും തുടരാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കായിക മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്

പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം കാട്ടിയത്. തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സി.പി.എം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്. ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സി.പി.എം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്.

ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പി സര്‍ക്കാറിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒ.ജെ. ജനീഷ് നേതൃത്വം നല്‍കിയതാണോ സി.പി.എമ്മിന്റെ പ്രശ്‌നം? പത്ത് വര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എമ്മും അവരുടെ ക്രിമിനല്‍ സംഘവും കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരിൽ രണ്ടിടത്താണ് മന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യം വാഹനത്തിനുനേരെ ആക്രമണം നടന്നത്. പിന്നാലെ പയ്യന്നൂരിലും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് ആഞ്ഞടിച്ചു. കാറിന്‍റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായി. പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവം. മന്ത്രിയുടെ വാഹനം രണ്ടു തവണ ആക്രമിക്കപ്പെട്ടതിൽ വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്.

തിരുവനന്തപുരത്ത് ബുധനാഴ്ച രാത്രി യൂത്ത്കോൺഗ്രസ് -എസ്.എഫ്.ഐ സംഘർഷം ഉണ്ടായതിനു പിന്നാലെയാണ് മന്ത്രിയുടെ വാഹനം ആക്രമിക്കപ്പെടുന്നത്. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും മന്ത്രിയുമായ ജനീഷും ഷാഫി പറമ്പിൽ എം.പിയുമാണ് മാർച്ചിന് നേതൃത്വം നൽകിയത്.

Tags:    
News Summary - The attack on the minister was carried out with the knowledge of the CPI(M) leadership -Chief Minister V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.