മന്ത്രി പി.കെ. ബഷീർ
'താങ്കൾ സർക്കാറിന്റെ ഉദ്യോഗസ്ഥനോ കരാറുകാരന്റേതോ'; കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയറെ വിമർശിച്ച് മന്ത്രി പി.കെ. ബഷീർ
പത്തനംതിട്ട: അബാൻ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയറെ വിമർശിച്ച് മന്ത്രി പി.കെ. ബഷീർ. കരാറുകാരന് കാലാവധി നീട്ടി നൽകണമെന്ന ആവശ്യം ഉന്നയിച്ച കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയറോട് താങ്കൾ സർക്കാറിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റേതോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അബാൻ മേൽപാലം, കോഴഞ്ചേരി പാലം, പത്തനംതിട്ട റിങ് റോസ് നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട് അബിൻ വർക്കി എം.എൽ.എയുടെ ആവശ്യപ്രകാരം മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിനിടെയായിരുന്നു വിമർശനമുണ്ടായത്.
അബാൻ മേൽപാലവുമായി ബന്ധപ്പെട്ട് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും കലക്ടർ, ജനപ്രതിനിധികൾ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, കരാറുകാരൻ ഉൾപ്പെടെയുള്ളവരുടെ യോഗം ആറിന് മന്ത്രിയുടെ ചേംബറിൽ വീണ്ടും ചേരുമെന്ന് എം.എൽ.എ അറിയിച്ചു. കോഴഞ്ചേരി പാലത്തിന്റെ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നിർവഹിക്കും.
പത്തനംതിട്ട റിങ് റോഡുമായി ബന്ധപ്പെട്ട സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും അംമ്പലക്കടവ്-ഇലവുംതിട്ട-തെക്കേമല റോഡിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് കിഫ്ബിയോട് തുടർനടപടി സ്വീകരിക്കാനും ആവശ്യപ്പെടും. പരുമല കടവിൽ നിന്നാരംഭിച്ച് വള്ളിക്കോട്-ചെന്നീർക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈപ്പട്ടൂർ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 13 വർഷമായി മുടങ്ങിക്കിടക്കുന്നത് വിദഗ്ധ സമിതിയെ നിയോഗിച്ച് തുടർനടപടി സ്വീകരിക്കാനും തീരുമാനമായി. യോഗത്തിൽ അബിൻ വർക്കി എം.എൽ.എ, പൊതുമരാമത്ത് റോഡ്, ബിൽഡിങ്സ്, ബ്രിജസ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.