പുതിയ അന്താരാഷ്ട്ര മാധ്യമക്രമം അനിവാര്യമെന്ന് മുഖ്യമന്ത്രി

കൊച്ചി: വികസ്വര രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പുത്തന്‍ അന്താരാഷ്ട്ര മാധ്യമക്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ 175-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും ന്യൂസ് ലോണ്‍ഡ്രി, ന്യൂസ് മിനുട്ട്, കോണ്‍ഫ്‌ളൂവന്‍സ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങളും കേരള പത്രപ്രവര്‍ത്തക യൂനിയനും സഹകരിച്ച് സംഘടിപ്പിക്കുന്ന ആഗോള മാധ്യമോത്സവമായ ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തനം സാമ്രാജ്യത്വ കേന്ദ്രീകൃതമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ ഘട്ടത്തില്‍ ബലി കഴിക്കപ്പെടുന്നത് വികസ്വര രാജ്യങ്ങളുടെ താല്പര്യമാണ്. ആ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന് ഒരു പുത്തന്‍ അന്താരാഷ്ട്ര വാര്‍ത്താക്രമം (ഇന്റര്‍നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ഓര്‍ഡര്‍) ഉണ്ടാകണം. അത്തരമൊരു മാധ്യമ സംസ്‌കാരം രൂപപ്പെട്ടു വന്നാല്‍ മാത്രമേ വികസ്വര രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ പരിരക്ഷിക്കാനാവുകയുള്ളൂ. ഇവിടെയാണ് ഈ സമ്മേളനത്തിന്റെ പ്രാധാന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ദൂഷിത താല്‍പര്യങ്ങളാണ് ഇവയില്‍ പലതിനെയും നയിക്കുന്നത്. ഇതിന്റെ ഇരയാകുകയാണ് പല വികസ്വര രാഷ്ട്രങ്ങളും. ഗ്ലോബല്‍ സൗത്ത് എന്ന ആശയത്തിനും അത് മുന്‍നിര്‍ത്തിയുള്ള ആഘോഷത്തിനും വലിയതോതിലുള്ള രാഷ്ട്രീയ പ്രസക്തിയാണുള്ളത്. ഇതിലൂടെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നമ്മുടെ ഭാഷകളെയും മാധ്യമങ്ങളെയും സംസ്‌കാരങ്ങളെയും ആഘോഷിക്കുകയാണ് നാം ചെയ്യുന്നത്. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലേയുമടക്കമുള്ള മാധ്യമ സംസ്‌കാരങ്ങളെ ലോകസമക്ഷം ഉയര്‍ത്തിക്കാട്ടുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒഴുക്കിനെതിരേ നീങ്ങുന്ന മാധ്യമ പ്രവര്‍ത്തനം ഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിശിഷ്ടാതിഥിയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യം തകരുകയും ഫാസിസ്റ്റ് ഭരണകൂടം ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ജീവന്‍ പണയപ്പെടുത്തി യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി വി.ഡി സതീശന്‍ പറഞ്ഞു.

എറണാകുളം ടൗണ്‍ഹാളില്‍ നടന്ന മാധ്യമോത്സവത്തില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിച്ചു. 2022ലെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്ലോവാക്യന്‍ ജേണലിസ്റ്റ്പാവ്‌ല ഹോള്‍സോവക്കും, അക്കാദമിയുടെ 2021-22 ലെ ഗ്ലോബല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് ഇന്ത്യന്‍ ഫോട്ടോഗ്രഫര്‍ രഘുറായിക്കും, അക്കാദമിയുടെ 2022ലെ ആഗോള മാധ്യമ പുസ്തക പുരസ്‌കാരം ജോസി ജോസഫിനും മന്ത്രി പി. രാജീവ് സമ്മാനിച്ചു. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് ഫൗണ്ടേഷന്‍ സി.ഇ.ഒ യും ടി.വി ജേണലിസ്റ്റുമായജെയ്‌മെ അബെല്ലോ ബാന്‍സി (കൊളംമ്പിയ) യും ചടങ്ങില്‍ പങ്കെടുത്തു. 

Tags:    
News Summary - Media activity that goes against the flow is under threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.