പാലത്തായി കേസും, കുറ്റപത്രം സമര്‍പ്പിച്ചതും അറിയില്ല, വനിതാ കമീഷന്‍ ഇടപെടേണ്ട കാര്യമില്ല -എം.സി. ജോസഫൈന്‍

ണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസോ കുറ്റപത്രം സമര്‍പ്പിച്ച കാര്യമോ അറിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട കാര്യമില്ലെന്നും എം.സി ജോസഫൈന്‍ മീഡിയവണിനോട് പറഞ്ഞു. കൊട്ടിയൂര്‍ കേസ് തനിക്കറിയാമെന്നും അതില്‍ തനിക്ക് അഭിപ്രായമുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചു.

വനിതാ കമ്മീഷന് കുട്ടികളുടെ കേസ് എടുക്കാന്‍ അധികാരമില്ലെന്നും 18 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റക്യതങ്ങള്‍ മാത്രമാണ് വനിതാ കമ്മീഷന്‍റെ അധികാരപരിധിയിലുള്ളതെന്നും എം.സി ജോസഫൈന്‍ വ്യക്തമാക്കി.

'കുട്ടികളുടെ കേസ് സി.ഡബ്ല്യൂ.സി(ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി)യാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ വനിതാകമ്മീഷന്‍ ഇടപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പത്രമാധ്യമങ്ങള്‍ മുഴുവന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ എടപ്പാള്‍ തിയേറ്ററില്‍ പോയി സി.സി.ടി.വി പരിശോധിക്കുകയും കുട്ടിയുടെ അമ്മ കൂടി ഇരുന്നിട്ടാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന് മനസ്സിലാവുകയും ചെയ്തു. ആ കേസില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പൊലീസിനെ കൊണ്ട് അവരെ അറസ്റ്റ് ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തു. വനിതാ കമ്മീഷന്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല'; എം.സി ജോസഫൈന്‍ പറഞ്ഞു.

താന്‍ സെലക്റ്റീവായി ഇടപെടുന്നുണ്ടെന്നത് തെറ്റാണെന്നും സി.പി.ഐ.എമ്മിന്‍റെ നേതാക്കന്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തനിക്ക് ധൈര്യക്കുറവൊന്നുമില്ലെന്നും ഏത് വിഷയവും വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും എം.സി ജോസഫൈന്‍ കൂട്ടിചേര്‍ത്തു.

പാലത്തായി കേസില്‍ താരതമ്യേന നിസ്സാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകൾ ചുമത്താതെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേവലം 10,000 രൂപ പിഴയോ മൂന്നു മാസം തടവോ ലഭിക്കാവുന്ന കുറ്റമാണിത്. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.

പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്‍റ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. പ്രതിയായ കുനിയിൽ പത്മരാജൻ നിലവിൽ തലശേരി സബ്ജയിലിൽ റിമാൻഡിലാണ്. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Tags:    
News Summary - mc josephine responds to palathai rape case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.