ന്യൂഡൽഹി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ച മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. പ്രവേശനത്തിനുള്ള സ്റ്റേ നാളെവരെ തുടരും.
ഇന്ന് വാദം കേൾക്കുന്ന അവസാനത്തെ കേസായാണ് എം.ബി.ബി.എസ് പ്രവേശന കേസ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിൽ ഷെഡ്യൂൽ ചെയ്തിരുന്നത്. എന്നാൽ, ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് ഉച്ചക്ക് ശേഷം വാദം കേൾക്കാൻ ഇരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.
െതാടുപുഴ അസ്ഹർ കോളജ്, വയനാട് ഡി.എം കോളജ്, പാലക്കാട് പി.കെ. ദാസ്, വർക്കല എസ്.ആർ കോളജുകൾക്ക് ഹൈകോടതി നൽകിയ എം.ബി.ബി.എസ് പ്രവേശന അനുമതിയാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തത്. പ്രവേശന അനുമതി നൽകിയ ഹൈകോടതി നടപടി അംഗീകരിക്കാൻ പറ്റില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. പ്രവേശനം നേടുന്ന വിദ്യാർഥികൾ പുറത്തുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി. പ്രവേശന നടപടികൾ മിക്കവാറും പൂർത്തിയായെന്ന് മാനേജ്മെന്റുകളും സർക്കാറും അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
സ്പോട്ട് അഡ്മിഷനിലൂടെ വിദ്യാർഥികൾ പ്രവേശനം നേടിയ കാര്യം മാനേജ്മെൻറുകൾ സൂചിപ്പിച്ചു. അന്നേരമാണ്, വിദ്യാർഥികൾ പുറത്തുപോകേണ്ടി വരുമെന്ന് കോടതി പറഞ്ഞത്. മെഡിക്കൽ കോളജുകൾക്ക് നിലവാരമില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാത്തതു കൊണ്ടാണ് ഇൗ വർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നും ഹൈകോടതി നടപടി റദ്ദാക്കണമെന്നുമുള്ള മെഡിക്കൽ കൗൺസിലിന്റെ ആവശ്യമാണ് സുപ്രീംകോടതി പരിഗണിച്ചത്.
നാലു സ്വാശ്രയ കോളജുകളിലെ 550 സീറ്റുകളിലേക്കാണ് ഹൈകോടതി പ്രവേശന അനുമതി നൽകിയത്. സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഇൗ സീറ്റുകളിൽ പ്രവേശനം നേടിയതിനു സാധുത ഇല്ലാതാവും. സുപ്രീംകോടതി ഇടപെടലോടെ സംസ്ഥാനത്ത് നടന്നുവരുന്ന സ്പോട്ട് അഡ്മിഷൻ നിർത്തിവെക്കേണ്ട സ്ഥിതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.