പാലക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ചൂണ്ടിക്കാണിച്ച് സംഘ്പരിവാറിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാനകമ്മറ്റി അംഗം എം.ബി. രാജേഷ്. 1921 ഒക്ടോബർ ഏഴിന് പന്തല്ലൂർ കുന്നിൽ നിന്നും വാരിയൻകുന്നൻ 'ദി ഹിന്ദു' പത്രത്തിന് അയച്ച കത്ത് ചൂണ്ടിക്കാണിച്ചാണ് എം.ബി. രാജേഷിെൻറ വിമർശനം. മലബാറിൽ ഹിന്ദുക്കളെ തെൻറ അനുയായികൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായുള്ള പത്ര വാർത്തകൾ തീർത്തും തെറ്റാണെന്ന് വാരിയൻകുന്നത്ത് കത്തിൽ വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷുകാരുടെ നിർമ്മിതിയായ ഹിന്ദു-മുസ്ലിം ശത്രുത എന്ന പ്രചരണം അവാസ്തവമാണെന്ന് ഗാന്ധിയും മൗലാനയുമടക്കം ലോകം മുഴുവൻ അറിയണമെന്നും കത്തിൽ ഹാജി പറയുന്നുണ്ട്. ബ്രിട്ടീഷുകാരുടെ പാദ ചുംബനം നടത്തി ശീലിച്ചവർക്ക് വ്യാജ നിർമ്മിതി വിശ്വാസയോഗ്യമായ ചരിത്രവും വാരിയംകുന്നൻ ശത്രുവുമാവുക സ്വാഭാവികമാണെന്നും എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
എം.ബി. രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണരൂപം:
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു നൂറ്റാണ്ടു മുമ്പ് കറുത്ത ലെഡ് പെൻസിൽ കൊണ്ട് മാപ്പിളമലയാളത്തിൽ ഒരു കത്ത് ദി ഹിന്ദു പത്രത്തിന് എഴുതുകയുണ്ടായി. ഇന്ന് ആ കത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാറിൽ ഹിന്ദുക്കളെ തൻ്റെ അനുയായികൾ നിർബന്ധിത മത പരിവർത്തനം നടത്തുന്നതായുള്ള പത്ര വാർത്തകൾ തീർത്തും തെറ്റാണ് എന്ന് ദി ഹിന്ദു പത്രത്തിനയച്ച കത്തിൽ ഹാജി വ്യക്തമാക്കുന്നു.
1921 ഒക്ടോബർ 7 ന് പന്തല്ലൂർ കുന്നിൽ നിന്നയച്ചതാണ് കത്ത്. മതപരിവർത്തനം നടത്തുന്നത് ഗവൺമെൻ്റ് പാർട്ടിയും മഫ്തിയിലുള്ള റിസർവ്വ് പോലീസുകാരുമാണ് എന്ന് കത്തിൽ പറയുന്നു.പോലീസുകാർ മഫ്തിയിൽ കലാപകാരികൾക്കിടയിൽ നുഴഞ്ഞു കയറി കലാപകാരികൾ എന്ന വ്യാജേന മതപരിവർത്തനം നടത്തുകയായിരുന്നുവെന്ന് കത്തിൽ പറയുന്നു. ബ്രിട്ടീഷ് പട്ടാളത്തിന് കലാപകാരികളെ ഒറ്റുകൊടുത്തവർക്ക് മാത്രം ചില ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട് എന്നും അക്കൂട്ടത്തിൽ ഏതാനും ഹിന്ദു സോദരരും ഉൾപ്പെട്ടിട്ടുണ്ട് എന്നും കത്തിൽ പറയുന്നു.എന്നാൽ ബ്രിട്ടീഷുകാർ അടിച്ചേല്പിച്ച നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് നിരവധി ഹിന്ദുക്കൾക്കും മാപ്പിളമാർക്കും താൻ തൻ്റെ കുന്നിൽ സംരക്ഷണം നൽകുന്ന കാര്യവും ഹാജി കത്തിൽ പറയുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ നിർമ്മിതിയായ ഹിന്ദു-മുസ്ലീം ശത്രുത എന്ന പ്രചരണം അവാസ്തവമാണെന്ന് ലോകം മുഴുവനും, ഗാന്ധിയും മൗലാനയുമടക്കം എല്ലാവരും അറിയണമെന്നും കത്തിൽ ഹാജി പറയുന്നു.ഈ കത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആരായിരുന്നു എന്ന് വ്യക്തമാക്കുന്നു. ഹിന്ദു-മുസ്ലീം ശത്രുത എന്ന അവാസ്തവം തിരുത്താൻ ഉത്ക്കടമായി ആഗ്രഹിക്കുന്ന, ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന,പത്രാധിപർക്ക് കത്തയച്ചു കൊണ്ട് സത്യം ലോകത്തെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഹാജിയെ ഇതിൽ കാണാം. വർഗ്ഗീയ വാദികളെപ്പോലെ നിർബന്ധിത മതപരിവർത്തനങ്ങളെ ന്യായീകരിക്കുകയോ അതൊരു നേട്ടമായി അവകാശപ്പെടുകയോ ഹാജി ചെയ്യുന്നില്ലെന്നു മാത്രമല്ല അവയുടെ പിന്നിലുള്ള ബ്രിട്ടീഷ് ഗൂഡലക്ഷ്യത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.
ഹാജിയെ നയിക്കുന്നത് രണ്ടേ രണ്ടു താൽപര്യങ്ങൾ മാത്രമാണ്. ഒന്ന്, അടിയുറച്ച, വിട്ടുവീഴ്ചയില്ലാത്ത ബ്രിട്ടീഷ് വിരോധം.രണ്ട്, ഒരുമിച്ച് പൊരുതേണ്ട ജനങ്ങളെ മതത്തിൻ്റെ പേരിൽ ശത്രുക്കളാക്കാൻ ബ്രിട്ടീഷുകാരെ അനുവദിക്കരുതെന്ന നിർബന്ധം.അന്ന് ബ്രിട്ടീഷുകാർ ചെയ്തതാണ് അവരുടെ പാദ ചുംബനം നടത്തി ശീലിച്ചവരുടെ രാഷ്ട്രീയ പിൻതുടർച്ചക്കാർ ഇന്ന് ചെയ്യുന്നത്. അവർക്ക് ബ്രിട്ടീഷുകാരുടെ വ്യാജ നിർമ്മിതി വിശ്വാസയോഗ്യമായ ചരിത്രവും വാരിയംകുന്നൻ ശത്രുവുമാവുക സ്വാഭാവികം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.