മുണ്ടക്കൈ ദുരന്തബാധിതർക്ക് വോട്ട് ചെയ്യുന്നതിന് എത്താൻ ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിൽ വോട്ടർമാരോട് വയനാട് കലക്ടർ ഡി.ആർ. മേഘശ്രീ സംസാരിക്കുന്നു
മുണ്ടക്കൈ (വയനാട്): ഉരുൾദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വോട്ടിടം കൂടി ഇന്നലെയോടെ ഓർമകൾ മാത്രമായി. എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുണ്ടക്കൈ നിവാസികൾ വോട്ടുചെയ്തിരുന്ന കൽപറ്റ നിയോജക മണ്ഡലത്തിലെ 203ാം നമ്പർ ബൂത്താണ് ഒന്നരക്കൊല്ലങ്ങൾക്കിപ്പുറം വ്യാഴാഴ്ചത്തെ നിയമസഭ തെരഞ്ഞെടുപ്പോടെ ഇല്ലാതാകുന്നത്.
2024 ജൂലൈ 30ന് ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽ 298 പേരുടെ ജീവനാണ് പൊലിഞ്ഞത്. എല്ലാ തെരഞ്ഞെടുപ്പു കാലത്തും പ്രചാരണവുമായി ഓടിനടന്ന രാഷ്ട്രീയ നേതാക്കളടക്കം എന്നത്തേക്കുമായി വിടപറഞ്ഞു. ദുരന്തത്തിന് മുമ്പ് വെള്ളാർമല ഗവ. ഹയർ സെകൻഡറി സ്കൂളിലെ 168ാം ബൂത്തിലായിരുന്നു അവരുടെ വോട്ട്.
ഈ ബൂത്തിലെ 95 പേരടക്കം ഇല്ലാതായ ദുരന്തത്തിൽ ആ പള്ളിക്കൂടവും തകർന്നു. ഇതോടെയാണ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തോടെ 203 നമ്പർ ബൂത്തായി പുനർക്രമീകരണം നടന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും അതിജീവിതർ വോട്ടുചെയ്തത് ചൂരൽമലയിൽ ഒരുക്കിയ ബൂത്തുകളിലായിരുന്നു.
നിലവിൽ ദുരന്തബാധിതർ വയനാട്ടിലെ വിവിധയിടങ്ങളിൽ കഴിയുന്നതിനാലാണ് ഇത്തവണ ഈ ബൂത്ത് മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിയത്. 518 സ്ത്രീകളും 570 പുരുഷൻമാരുമുൾപ്പെടെ 1088 വോട്ടർമാരാണ് ഇവിടെയുള്ളത്.
ഇനിയൊരു തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും കൽപറ്റയിൽ സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലും വിവിധ സന്നദ്ധസംഘടനകൾ നിർമിക്കുന്ന വീടുകളിലുമായി അതിജീവിതർ പുതുജീവിതം തുടങ്ങിയിട്ടുണ്ടാകും. അതോടെ 203ാം നമ്പർ ബൂത്ത് തന്നെ ഇല്ലാതാവുകയും അതിജീവിതർ പുതിയ താമസസ്ഥലങ്ങളിലെ വോട്ടർമാരാവുകയും ചെയ്യും.
മേപ്പാടി സ്കൂളിൽ ഒരുക്കിയ 203ാം നമ്പർ ബൂത്തിലും ചൂരൽമലയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ ബൂത്തിലും എത്താൻ ജില്ല ഭരണകൂടം കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പെടുത്തിയിരുന്നു. ദുരന്തം പലവഴിക്കായി അകറ്റിയവരുടെ സംഗമവേദികൂടിയായി പോളിങ് സ്റ്റേഷൻ മാറി. ഏറെ കാലങ്ങൾക്കുശേഷം കണ്ടുമുട്ടിയ അവർ കെട്ടിപ്പിടിച്ചും കണ്ണീർവാർത്തും വിശേഷങ്ങൾ പങ്കുവെച്ചു. 203ാം നമ്പർ ബൂത്തിലുള്ളവർ ആ വോട്ടിടത്തിലെ തങ്ങളുടെ അവസാന വോട്ടും ചെയ്താണ് മടങ്ങിയത്. ഇടതു ചൂണ്ടുവിരലിലെ ആ മഷിയടയാളം മായുന്നതുപോലെ അവരുടെ ആ കെട്ടഓർമകളും മായട്ടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.