കണ്ണൂർ: ആരും മറന്നുകാണില്ല, മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിനെ. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിതനായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നാടാകെ കൈകോർത്ത് 46 കോടി സമാഹരിച്ച വലിയ കഥ. ചോദിച്ചതിലുമധികം പണം നൽകിയ ആ സംഭവമാണ് മലയാളിയുടെ ആദ്യ റിയൽ സ്റ്റോറി.
2021 ജൂലൈയിലാണ് കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ് കഥ.
പഴയങ്ങാടിക്കു സമീപം മാട്ടൂൽ സ്വദേശിയായ മുഹമ്മദിനും സഹോദരിക്കുമാണ് അപൂർവ ജനിതക രോഗമായ എസ്.എം.എ ബാധിച്ചത്. 18 കോടിയുടെ കുത്തിവെപ്പാണ് വേണ്ടത്. ഇത്രയും വലിയ തുക സമാഹരിക്കാൻ കഴിയുമെന്ന് ഒരുറപ്പുമില്ലാതെ നാട്ടുകാർ ചികിൽസ സഹായ സമിതിയുണ്ടാക്കി. സമൂഹമാധ്യമങ്ങൾ വിഷയമേറ്റെടുത്തു. എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ചാണ് അന്ന് പണമൊഴുകിയെത്തിയത്. 18 കോടിയും കവിഞ്ഞ് 46.78 കോടി രൂപയാണ് അന്ന് അക്കൗണ്ടിലേക്ക് എത്തിയത്. വെറും ആറ് ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക സമാഹരിച്ചത്.
മുഹമ്മദിന്റെയും സഹോദരിയുടെയും ചികിൽസക്കു വേണ്ട തുക മാറ്റിനിർത്തി ബാക്കിയുള്ളത് സമാന രീതിയിലുള്ള രോഗികൾക്ക് നൽകുകയും ചെയ്തു. രണ്ട് അക്കൗണ്ടുകളിലായി 7,70, 000 ഇടപാടുകളിലായാണ് തുക എത്തിയത്. ഒരു രൂപ മുതൽ അഞ്ച് ലക്ഷം വരെ സംഭാവനയായി എത്തി. തളിപ്പറമ്പ് ചപ്പാരപ്പടവിലെ എസ്.എം.എ ബാധിതനായ പിഞ്ചുകുഞ്ഞ് മുഹമ്മദ് ഖാസിമിനും ഇതേ പോലെ നാട്ടുകാരുടെ കാരുണ്യമെത്തി. മാട്ടൂലിലെ മുഹമ്മദിന്റെ ചികിൽസക്കുശേഷമുള്ള തുക ഉൾപ്പെടെ 17.38കോടി രൂപ നാട്ടുകാർ സഹായമായി എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.