കൃഷിക്കുള്ള പട്ടയത്തിന്‍റെ മറവിൽ വൻ മരംകൊള്ള; കുറ്റവാളികളെ സംരക്ഷിച്ച് വനംവകുപ്പിന്‍റെ റിപ്പോർട്ട്

തൃശൂർ: കൃഷിക്കുള്ള പട്ടയത്തിന്‍റെ മറവിൽ വീണ്ടും വൻ മരംകൊള്ള. വയനാട് മുട്ടിൽ മരംമുറിക്ക് പിന്നാലെ പരിശോധന നടത്തിയപ്പോൾ വലിയ കൊള്ള കണ്ടെത്തിയ മച്ചാട് ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് വീണ്ടും വൻ മരംകടത്ത് നടന്നത്. ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന മരംകൊള്ളയിൽ എതിർത്ത വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്ത് മേലുദ്യോഗസ്ഥരുടെ പ്രതികാരം. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പങ്ങാരപ്പിള്ളി വില്ലേജിലെ വനമേഖലയോട് ചേര്‍ന്ന റബര്‍ പ്ലാന്‍റേഷന്‍ പട്ടയഭൂമിയില്‍നിന്നാണ് കോടികൾ വിലമതിക്കുന്ന മരങ്ങൾ കടത്തിയത്. ആറേക്കറോളമുള്ള പട്ടയഭൂമിയിൽ റബർ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് വൻ മരങ്ങൾ മുറിച്ചുകടത്തിയത്. വനംവകുപ്പിന്‍റെ അനുമതിയോടെ മാത്രം മുറിക്കേണ്ട തേക്കും വീട്ടിയും ഇരുളും അടക്കമുള്ളവ വൻതോതിൽ കടത്തിക്കൊണ്ടുപോയി. ഇരുളിന്‍റെയും വീട്ടിയുടെയും മുറിച്ചുകടത്തിയ ഭാഗത്തിന്‍റെ കടഭാഗം ഇപ്പോഴും കിടക്കുന്നുണ്ട്. വേരുകളടക്കം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പിഴുതെടുത്ത നിലയിലാണ്.

1961ലെ കേരള വനനിയമം സെക്ഷൻ 82 പ്രകാരം കൃഷിക്കായി പതിച്ചുനൽകുന്ന ഭൂമിയിലെ മരങ്ങൾ സർക്കാർ സ്വത്താണ്. റവന്യൂ പട്ടയ ഭൂമിയിലെയും മിച്ചഭൂമിയിലെയും അനധികൃത മരംമുറി കുറ്റകരമാണെന്നിരിക്കെയാണ് ഒരു അനുമതിയുമില്ലാതെ വനമേഖലയിലെ കൃഷിക്കായി അനുവദിച്ച പട്ടയഭൂമിയിൽനിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയത്. മാസങ്ങളായി മരങ്ങൾ കടത്തുന്നത് തുടർന്നിട്ടും പരിസ്ഥിതി സ്നേഹികൾ നൽകിയ വിവരത്തെ തുടർന്ന് ദിവസങ്ങൾക്കു മുമ്പാണ് വനംവകുപ്പ് എത്തി തടഞ്ഞത്. ഇതിനകം ലോഡ് കണക്കിന് മരങ്ങൾ ഇവിടെനിന്ന് കയറ്റിക്കൊണ്ടുപോയി. പരിസ്ഥിതി സ്നേഹികളുടെ പരാതിയിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.എന്‍. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി നൽകിയ മഹസര്‍ റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സൂചന നൽകുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വേരോടെ കടപുഴക്കിയതും മുറിച്ചതുമായ തേക്ക് തടികളെ പറ്റിയോ ഈട്ടിമരത്തിന്‍റെ കൊമ്പിനെ പറ്റിയോ പരാമര്‍ശിക്കാതെ ഇരുള്‍, കരിമരുത് എന്നീ വൃക്ഷങ്ങള്‍ മാത്രമാണ് മുറിച്ചതെന്ന് രേഖപ്പെടുത്തി കുറ്റവാളികളെ സംരക്ഷിക്കുന്നതായിരുന്നു റിപ്പോർട്ട്. ഇതിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഷഹ്ന റഹ്മാൻ, എം.കെ. പ്രദീപ് എന്നീ ബീറ്റ് ഓഫിസർമാർ വിയോജിപ്പ് അറിയിച്ചു.

ഇതോടെ മറ്റു ചിലരുടെ ഒപ്പ് രേഖപ്പെടുത്തിയാണ് മഹസര്‍ തയാറാക്കിയത്. മഹസറില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഷഹ്നക്കും പ്രദീപിനും നേരെ ഭീഷണിയുമുണ്ടായി. ഇക്കാര്യമറിയിച്ച് വനംവകുപ്പ് മേധാവിക്ക് പരാതി നല്‍കിയിട്ടും അന്വേഷണം ഉണ്ടായില്ല. പകരം മേലുദ്യോഗസ്ഥരോട് ധിക്കാരപരമായി പെരുമാറിയെന്ന കുറ്റം ചുമത്തി ഷഹ്നയെ സസ്പെന്‍ഡ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മരം കടത്തിൽ പങ്കുള്ളത് പുറത്തുവരാതിരിക്കാനാണ് ഷഹ്നക്കെതിരെയുള്ള നടപടിയെന്നാണ് ഉദ്യോഗസ്ഥർതന്നെ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Massive logging under the guise of a license for agriculture; Forest department report on protection of criminals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.