തിരുവനന്തപുരം: പുതിയ മന്ത്രിസഭ അധികാരമേൽക്കുംമുമ്പ് സെക്രട്ടേറിയറ്റിലെയും മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്ഷനുകളിലുള്ള ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നതായി ആക്ഷേപം.
യു.ഡി.എഫ് അനുകൂല സംഘടനകളാണ് ഈ ആക്ഷേപം ഉന്നയിക്കുന്നത്. ഭരണമൊഴിയുന്ന സർക്കാറിന്റെ കാലത്ത് കൈക്കൊണ്ട പല നടപടികളും ഭാവിയിൽ വിവാദമാകുമെന്ന ഭയത്തിലാണ് ഫയലുകൾ നശിപ്പിക്കുന്നതെന്നാണ് ആക്ഷേപം. വ്യാഴാഴ്ചയും സെക്രട്ടേറിയറ്റ് അനക്സിൽ നിന്നുൾപ്പെടെ ഫയലുകൾ കൊണ്ടുപോയതായി ജീവനക്കാർ ആരോപിക്കുന്നു. സാധാരണ അനാവശ്യ ഫയലുകൾ നശിപ്പിക്കുന്ന രീതിയുണ്ട്. എന്നാൽ, ഇത്തരത്തിൽ വൻതോതിൽ ഫയലുകളും കടലാസുകളും നശിപ്പിക്കാറില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഓഫിസുകളിൽനിന്ന് ശേഖരിച്ച ഫയലുകൾ ചീഫ്സെക്രട്ടറിയുടെ മുറിക്ക് സമീപത്തെ ഷ്രെഡ്ഡിങ് റൂമിലേക്ക് മാറ്റി മെഷീൻ ഉപയോഗിച്ച് തുണ്ടുകളാക്കി നീക്കം ചെയ്യുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. അത് ഏറെക്കുറെ പൂർത്തിയായതായും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇ-ഓഫിസ് കാര്യക്ഷമമായ ശേഷം സെക്രട്ടേറിയറ്റിൽ കടലാസ് ഫയലുകൾ വളരെ കുറച്ചു മാത്രമേയുള്ളൂവെന്ന വിശദീകരണമാണ് ഔദ്യോഗികമായുള്ളത്. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയ്ക്കുള്ള കാലയളവിൽ ഇ-ഓഫിസ് സോഫ്റ്റ്വെയർ പരിഷ്കരിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ഡിജിറ്റൽ ഫയൽ നശിപ്പിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയതോടെ പിൻവാങ്ങുകയായിരുന്നു. അതിന് പിന്നാലെയാണ് പേപ്പർ ഫയലുകൾ നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.