കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡെന്‍റൽ വിദ്യാർഥി നിതിൻ രാജിന്‍റെ ആത്മഹത്യാ കേസിൽ പ്രതി ഡോ. റാമിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത ശേഷം വീണ്ടും ജാമ്യം നൽകി പൊലീസ് വിട്ടയച്ചു. രണ്ട് ദിവസത്തിനകം ഹാജരാകാൻ നോട്ടീസ് നൽകി.
അറസ്റ്റിനു ശേഷം ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റാമിനെ ഹാജരാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കോടതി റാമിനെ വിട്ടയച്ചു. എന്നാൽ കോടതിയിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ക്രൈംബ്രാഞ്ച് എത്തി റാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്‍റെ നടപടി ചട്ട വിരുദ്ധമാണെന്ന് കാണിച്ച് കുടുംബം പ്രതിഷേധിച്ചു. തുടർന്ന് റാമിനെ വിട്ടയക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തതല്ലെന്നും നോട്ടീസ് നൽകാൻ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം.
മൂന്ന് മാസത്തെ ഒളിവു ജീവിതത്തിനു ശേഷം ഇന്നാണ് റാം പൊലീസ് കസ്റ്റഡിയിലായത്. കർണാടകയിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മുൻകൂർ ജാമ്യത്തിനായി തലശ്ശേരി സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിയെ പിടികൂടാത്തതിൽ അന്വേഷണ സംഘം കടുത്ത വിമർശനങ്ങളും നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.