തിരുവനന്തപുരം: ഗവൺമെന്‍റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സർക്കാർ-സംഘടന ഏറ്റുമുട്ടലിനൊടുവിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടു. തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. പ്ലീഡർ നിയമനത്തിലെ കെ.എസ്.യുവിന്‍റെ ആക്ഷേപങ്ങൾ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിക്ക് മുന്നിൽ നിരത്തി. പട്ടികയിലുള്ള ജിയോണ ജെയിംസ് എസ്.എഫ്.ഐ പ്രവർത്തകയായിരുന്നെന്നും പ്ലീഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു ആവശ്യം.
പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കാൻ സൗകര്യമുണ്ടായിരിക്കെ അതിന് മുതിരാതെ പരസ്യപ്രതികരണവും അതുവഴി പൊതുമധ്യത്തിൽ ‘ഏറ്റുമുട്ടൽ പ്രതീതി’യും സൃഷ്ടിച്ചതിലെ അതൃപ്തി മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ പേരുകാർ പട്ടികയിൽ ഉൾപ്പെട്ട സാഹചര്യവും സതീശൻ വിശദീകരിച്ചു. തങ്ങളുടെ ബോധ്യത്തിലും അറിവിലുമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഇനി തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കൂടിക്കാഴ്ചക്ക് ശേഷം അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടൽ എന്നത് സമൂഹമാധ്യമ സൃഷ്ടിയാണെന്ന് വിശദീകരിച്ച അലോഷ്യസ് മുഖ്യമന്ത്രിയുമായി യാതൊരു ഏറ്റുമുട്ടലുമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ചത് കൃത്യമായ വെടിനിർത്തൽ പ്രഖ്യാപനമായി. മുഖ്യമന്ത്രി പഴയ കെ.എസ്.യുകാരനാണെന്നും ‘കെ.എസ്.യു സ്പിരിറ്റിൽ’ നിന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. അതേ സമയം, ലോയേഴ്സ് കോൺഗ്രസിന്‍റെ നിർദേശംകൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി. എ.ബി.വി.പി പശ്ചാത്തലമുള്ളയാളെന്ന് ആക്ഷേപമുയർന്ന അഭിഭാഷകൻ, ഇപ്പോൾ ലോയേഴ്സ് കോൺഗ്രസ് അംഗമാണ്. ഇതിനിടെ, എസ്.എഫ്.ഐകാരിയെന്ന് കെ.എസ്.യു ആരോപിച്ച ജിയോണക്കുവേണ്ടി മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തത് താനാണെന്ന് ഏറ്റുപറഞ്ഞ് ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തിയിരുന്നു. മുൻപ് ഏത് സംഘടനയിൽ പ്രവർത്തിച്ചു എന്നതിനേക്കാൾ ഇപ്പോൾ ഏത് സംഘടനയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് നോക്കിയത്. 2022 മുതൽ അവർ ലോയേഴ്സ് കോൺഗ്രസിൽ സജീവമാണെന്നാണ് ഡീനിന്‍റെ നിലപാട്. ഈ രണ്ട് കാര്യങ്ങളും ചൂണ്ടിക്കാട്ടി പ്ലീഡർ നിയമനത്തിൽ തനിക്ക് വീഴ്ചപറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
വിഷയത്തിൽ കെ.എസ്.യു നടത്തിയ അപ്രതീക്ഷിത പ്രതികരണങ്ങൾ ആഭ്യന്തര ഭിന്നതയായി മാറിയതോടെ കെ.പി.സി.സി നേതൃത്വം ഇടപെട്ടാണ് അനുനയത്തിന് വഴിയൊരുക്കിയത്. കെ.എസ്.യുവിന് പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും പറയേണ്ട രീതിയിലും പാലിക്കേണ്ട പരിധിയിലുമാകണമെന്ന് കെ.സി പക്ഷ നേതാക്കൾ പരസ്യ നിലപാടെടുത്തതോടെ ഏറ്റുമുട്ടൽ വഴി കെ.എസ്.യു ഉപേക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം: കെ.എസ്.യു പ്രതിപക്ഷ ലൈനിലോ സർക്കാരിനെതിരായ തുറന്ന പോരിലോ അല്ലെന്നും ഇത് തങ്ങളുടെകൂടി സർക്കാരാണെന്നും സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കഴിഞ്ഞ 10 വർഷം തങ്ങൾകൂടി സമരം ചെയ്തും ചോരയൊഴുക്കിയും അധികാരത്തിലെത്തിച്ച സർക്കാറാണിത്. സമൂഹമാധ്യമത്തിലെ മുഖമില്ലാത്ത പ്രൊഫൈലുകൾ എഴുതിവിടുന്ന ക്യാപ്സ്യൂളുകൾ കോൺഗ്രസിന്റേതല്ല. അതല്ല കോൺഗ്രസിന്‍റെ പാരമ്പര്യം. ഇക്കാര്യങ്ങൾ അറിയാതെ ചില കോൺഗ്രസുകാർ പെട്ടുപോയിട്ടുണ്ട്. അവരെ കുറ്റം പറയുന്നില്ല. പ്ലീഡർ നിയമന വിഷയത്തിന്റെ മെരിറ്റിലല്ല, കോൺഗ്രസിന്‍റെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് സമൂഹമാധ്യമത്തങ്ങളിൽ ചർച്ചകളുണ്ടായത്. സർക്കാരിനെ ദുർബലപ്പെടുത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളാണ്.
മുഖ്യമന്ത്രിയുമായി സൗഹൃദസംഭാഷണങ്ങളും സംവാദങ്ങളും ഉണ്ടായിട്ടുണ്ടാകാം. അതൊന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറയാനാവില്ല. തങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് പോകുന്ന സർക്കാറാണിതെന്ന് പൂർണ ബോധ്യമുണ്ട്. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയുടെ നിലപാട് പാർട്ടിയെയും സർക്കാറിനെയും അറിയിച്ചു. വിഷയത്തിൽ സർക്കാരും പാർട്ടിയും പോസിറ്റീവായി ഇടപെടുമെന്നാണ് പ്രതീക്ഷ. സർക്കാർ തീരുമാനങ്ങളെ പ്രവചിക്കാനാവില്ലല്ലോ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് എന്താണ് തൃപ്തിക്കുറവുണ്ടാകേണ്ട കാര്യം എന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.