ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ച ; പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ശത്രുസൈന്യത്തെപ്പോലെ നേരിടുന്നുവെന്നും പിണറായി വിജയൻ

ന്യൂഡൽഹി: ദേശീയ പ്രവേശന പരീക്ഷകളിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നത് ഡൽഹിയിൽ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവിച്ചു. ജന്തർ മന്തറിൽനിന്ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്ത വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

Full View

ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. സംഘപരിവാർ നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാർ, ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന അഴിമതിയിലൂടെ സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത തകർത്തിരിക്കുന്നു- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം, പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ശത്രുസൈന്യത്തെപ്പോലെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. പരീക്ഷാ ക്രമക്കേടുകൾ കാരണം ലക്ഷക്കണക്കിന് വിദ്യാർഥികളെ ഭാവിയാണ് വഴിമുട്ടിയത്. സമ്മർദ്ദം താങ്ങാനാവാതെ വിദ്യാർഥികൾ ജീവനൊടുക്കുന്ന സാഹചര്യമുണ്ടായിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരീക്ഷാ ക്രമക്കേടുകളുടെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും പരീക്ഷാ സംവിധാനത്തിൽ വിദ്യാർഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ സമഗ്രമായ പരിഷ്‌കാരങ്ങൾ അടിയന്തരമായി നടപ്പാക്കുകയും വേണം. നീതിക്കും സുതാര്യതയ്ക്കും വേണ്ടി പോരാടുന്ന വിദ്യാർഥികൾക്ക് പ്രതിപക്ഷ നേതാവ് ഐക്യദാർഢ്യം അറിയിച്ചു.

 ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം

ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപി സർക്കാർ, ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകർത്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച കേന്ദ്ര സർക്കാർ സമ്മതിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം വീഴ്ചകൾ ആവർത്തിക്കുമ്പോഴും കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തുകയോ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ ചെയ്യുന്നില്ല. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കി പുന:പരീക്ഷ നടത്താൻ തീരുമാനിച്ചപ്പോൾ തന്നെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ, കുട്ടികൾ ജീവനൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായി.

ഇത്തരം ഗൗരവതരമായ വിഷയങ്ങൾ പരിഹരിക്കപ്പെടാതെ വിദ്യാർത്ഥികളുടെ ഭാവി തന്നെ അപകടപ്പെട്ട സമയത്താണ് സമാധാനപരമായ ജനകീയ പ്രതിഷേധങ്ങൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ഉയർന്ന് വന്നത്. എന്നാൽ പ്രശ്ന പരിഹാരത്തിൻ്റെയോ ജനാധിപത്യപരമായ കൂടിയാലോചനകളോ നടത്താതെ സമരങ്ങളെ നിഷ്‌ഠുരമായി അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

ദേശീയ പ്രവേശന പരീക്ഷകളിൽ തുടർച്ചയായി ഉണ്ടായ ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് തകർത്തത്. ഇതിനെതിരെ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് ചെയ്ത വിദ്യാർത്ഥികളെ ബാരിക്കേഡുകൾ തീർത്ത് ബലപ്രയോഗത്തിലൂടെ മൃഗീയമായി അടിച്ചമർത്തുകയാണ്. ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ നേരിടുന്നതിലൂടെ പ്രകടമാവുന്നത്. ഈ അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണം.

പരീക്ഷാ ക്രമക്കേടുകളുടെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്ന സമഗ്രമായ പരിഷ്‌കാരങ്ങൾ അടിയന്തരമായി നടപ്പാക്കുകയും വേണം. നീതിക്കും സുതാര്യതയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ.

Tags:    
News Summary - democracy being trampled upon the streets of Delh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.