പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ മാസ്ക് വിതരണത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് പാർലമെൻററി പാർട്ടി കമ്മിറ്റി. പുറം പാർട്ടിക്ക് കൊടുത്ത ടെൻഡർ നടപടിയിലൂടെ വാങ്ങിയ മാസ്കുകളാണ് വിതരണം ചെയ്തത്.
44,000 മാസ്കിന് ഓർഡർ നൽകിയതനുസരിച്ച് വിതരണവും നടന്നു. പഞ്ചായത്തിലെ എല്ലാവർക്കും വിതരണം ചെയ്യാൻ കുടുംബശ്രീ സി.ഡി.എസ് കമ്മിറ്റിക്ക് 12 രൂപ നിരക്കിൽ തുണി മാസ്കിന് ഓർഡർ കൊടുക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാൽ, തീരുമാനത്തിനു വിരുദ്ധമായി ഡിസ്പോസബിൾ മാസ്കിനാണ് കുടുംബശ്രീക്ക് ഓർഡർ നൽകിയത്. ഇതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നതിനെ തുടർന്ന് കുടുംബശ്രീ സി.ഡി.എസ് കമ്മിറ്റിക്ക് നൽകിയ കരാർ റദ്ദാക്കുകയായിരുന്നു. നാലുരൂപക്ക് കിട്ടുന്ന മാസ്ക് 12 രൂപക്ക് നൽകാൻ ശ്രമിച്ചതായും ഇവർ ആരോപിച്ചു.
കരാർ റദ്ദാക്കിയതിനാൽ കുടുംബശ്രീ ഓഫിസിൽ മാസ്കുകൾ കെട്ടിക്കിടക്കുകയാണ്. ഇവ ചില സി.ഡി.എസ് അംഗങ്ങൾ അഞ്ചു രൂപക്ക് വിൽക്കുന്നതായും ഇവർ ആരോപിക്കുന്നു. രണ്ടാമത് കൂടിയ വിലയ്ക്ക് പുറംപാർട്ടിക്ക് ടെൻഡർ കൊടുത്തതിനെതിരെയും കോൺഗ്രസ് രംഗത്തെത്തി. പാവപ്പെട്ട തയ്യൽ തൊഴിലാളികൾക്ക് പണം നൽകാൻ വൈകിയാൽ സമരപരിപാടികൾക്ക് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകുമെന്ന് പാർലമെൻററി പാർട്ടി ലീഡർ എസ്. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.