കൊച്ചി: സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി പഴുതടച്ച മുന്നൊരുക്കം. മുൻകരുതൽ നടപടി ഓരോ ദിവസവും അധികൃതർ വിലയിരുത്തുന്നുണ്ട്. പരിസരവാസികളുടെ താൽപര്യങ്ങൾകൂടി സംരക്ഷിച്ചാകണം പൊളിക്കലും അതിന് മുന്നോടിയായ നടപടിയുമെന്നാണ് കരാർ കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുക.
പൊളിക്കൽ ഏറ്റെടുത്ത കമ്പനികൾ നിയന്ത്രിത സ്ഫോടനത്തിന് പ്രത്യേക കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. സാങ്കേതികസമിതി ഇതിൽ ചില മാറ്റങ്ങൾ നിർദേശിച്ചിരുന്നു. ഇതിനുപുറമെ അടിയന്തരസാഹചര്യങ്ങൾ നേരിടാൻ എമർജൻസി പ്ലാനും തയാറാക്കും. പ്രാഥമിക പൊളിക്കൽ നടപടികളിൽ ഫ്ലാറ്റുകൾക്ക് സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടായത് കണക്കിലെടുത്താണിത്. ഇന്ത്യയിൽ നിർമിച്ച അംഗീകൃത സ്ഫോടകവസ്തുക്കൾ മാത്രമേ പൊളിക്കലിന് ഉപയോഗിക്കാവൂവെന്ന് നിർദേശിച്ചിട്ടുണ്ട്.
പൊളിക്കുന്ന രണ്ടുദിവസവും ഫ്ലാറ്റുകൾക്ക് സമീപത്തെ പെട്രോളിയം പൈപ്പ്ലൈനിൽ എണ്ണ നിറക്കരുതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാങ്കേതികസമിതി അംഗം ഡെപ്യൂട്ടി ചീഫ് എക്സ്പ്ലോസിവ് കൺട്രോളർ ഡോ. ആർ. വേണുഗോപാൽ പറഞ്ഞു.
പൊളിക്കുന്ന നാല് ഫ്ലാറ്റ് സമുച്ചയത്തിെൻറയും സമീപവാസികൾക്കായി 125 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഒറ്റത്തവണ പ്രീമിയമായി സംസ്ഥാന സർക്കാർ 69 ലക്ഷം രൂപ നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ അടക്കും.
കമ്പനി 83 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ചർച്ചകൾക്കൊടുവിൽ 69 ലക്ഷമായി കുറക്കുകയായിരുന്നു. ഫ്ലാറ്റുകളുടെ 50 മീറ്റർ ചുറ്റളവിലുള്ള വീടുകളുടെ വിപണിവില നിശ്ചയിക്കാനുള്ള സ്ട്രക്ചറൽ ഓഡിറ്റിങ് ബുധനാഴ്ച തുടങ്ങും. പൊളിച്ചതിനുശേഷവും ഇതേ ഓഡിറ്റിങ് ഉണ്ടാകും. വീടുകളുടെ വിഡിയോദൃശ്യങ്ങൾ പകർത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ, അനധികൃതമായി ഫ്ലാറ്റുകൾ നിർമിച്ച കേസിൽ മുൻ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 10 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.