തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ മനഃപൂർവമുള്ള നരഹത്യക്കുറ്റം ഒഴിവാക്കിയത് പൊലീസ് അന്വേഷണത്തിലെ വീഴ്ചമൂലമെന്ന് അഡീ. ജില്ല സെഷന്‍സ് കോടതി. കേസിന്‍റെ ആദ്യഘട്ടം മുതൽ പൊലീസ് സ്വീകരിച്ച നടപടികളാണ് കൊലക്കുറ്റം ഒഴിവാക്കാനിടയാക്കിയതെന്ന് പ്രതികൾക്കെതിരെ ചുമത്തിയ ഗുരുതര കുറ്റങ്ങൾ ഒഴിവാക്കി കേസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ ഉത്തരവിലുണ്ട്.
പ്രതി ഉന്നത ഉദ്യോഗസ്ഥനായതുകൊണ്ട് കീഴുദ്യോഗസ്ഥൻ ഭയന്നെന്ന് പറയുന്നതിന് അടിസ്ഥാനമില്ല. കേസ് അട്ടിമറിക്കാൻ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ ഒളിവിൽ പോകില്ലേ. അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തി. ഇവിടെനിന്ന് ശ്രീറാം സ്വകാര്യ ആശുപത്രിയിൽ പോകുന്നത് പൊലീസിന് അറിയാമായിരുന്നു. സ്വകാര്യ ആശുപത്രിയിൽനിന്ന് തിരികെ ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ പൊലീസ് പ്രാഥമിക നിയമനടപടികൾ ചെയ്‌തില്ല. ഇവിടെ പ്രതിയുടെ ജോലി നോക്കേണ്ട സാഹചര്യം പൊലീസിനില്ലായിരുന്നു.
ബഷീർ മരിച്ചത് തലക്കേറ്റ ക്ഷതം കൊണ്ടാണോ എന്ന കാര്യം പറയുന്നില്ല. ശ്രീറാം അറിഞ്ഞുകൊണ്ട് മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയെന്ന വാദത്തിന് തെളിവുകൾ കുറ്റപത്രത്തിലില്ല. ശ്രീറാമിന് മദ്യത്തിന്‍റെ ഗന്ധമുണ്ടായിരുന്നെന്ന സാക്ഷി മൊഴിയുണ്ടെന്ന് പറയുന്നു. സാക്ഷി മൊഴി മാത്രം പോരാ തെളിവും വേണമെന്ന് പൊലീസിന് അറിയില്ലേ. ശാസ്ത്രീയ പരിശോധന ഫലത്തിൽ മദ്യത്തിന്‍റെ അംശമില്ലെന്ന് പറയുന്നു. ഇത്തരം സാഹചര്യത്തിൽ സുപ്രീംകോടതിവരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്.
അഡീ. ജില്ല സെഷന്‍സ് കോടതി ജഡ്‌ജി കെ. സനിൽകുമാറിന്‍റെ ഉത്തരവിലാണ് പത്ത് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം രണ്ടു വർഷംവരെ തടവ് ലഭിക്കാവുന്നതാക്കിയതിന്‍റെ കാരണം വിശദീകരിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിനാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ച് ബഷീർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.