മണ്ണുത്തി-ഇടപ്പള്ളി ടോൾ നിർത്തൽ; ജനങ്ങൾക്ക് ലാഭം 14 കോടി!

തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവ്​ നാലാഴ്​ചത്തേക്ക്​ നിർത്താൻ ഹൈകോടതി ഉത്തരവിട്ടതോടെ ജനങ്ങൾക്ക്​ ലാഭം 14 കോടിയോളം രൂപ. കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ വാഹനസാ​ന്ദ്രതയുള്ള ദേശീയപാതയായ ഇവിടെ പ്രതിദിനം 52 മുതൽ 60 ലക്ഷം രൂപ വരെയാണ്​ ടോൾ ഇനത്തിൽ വരുമാനം. വരുന്ന നാലാഴ്ചക്കുള്ളിൽ മാത്രം 14 കോടിയിലധികം രൂപയാണ്​ വാഹന ഉടമകൾക്ക്​ ലാഭമുണ്ടാകുക. മൂന്നു​ മാസത്തിലധികമായി തകർന്നുകിടക്കുന്ന റോഡിലൂടെ സർവിസ്​ നടത്തിയപ്പോൾ ടോൾ കമ്പനിക്ക്​ ഈ തുക ലഭിക്കുകയായിരുന്നുവെന്ന വസ്തുതയുമുണ്ട്​.

അതേസമയം, 323 കോടിക്ക്​ മണ്ണുത്തി- ഇടപ്പള്ളി പാതക്ക്​ നിർമാണ കരാർ എടുത്ത കമ്പനി 723 കോടിക്ക്​ പൂർത്തിയാക്കിയതായാണ്​ കണക്ക്​ നൽകിയതെന്നാണ്​ ദേശീയപാത വിഷയത്തിൽ ഹൈകോടതിയെ സമീപിച്ച അഭിഭാഷകനും കെ.പി.സി.സി സെക്രട്ടറിയുമായ ഷാജി കോടങ്കണ്ടത്ത്​ പറയുന്നത്​.

ഇതുവരെ 1700 കോടിയോളം രൂപയാണ്​ പിരിച്ചെടുത്തത്​. നിർമാണത്തിന്​ ചെലവായതായി കമ്പനി പറയുന്നതിന്‍റെ ഇരട്ടിയിലധികമാണ്​ പിരിച്ചത്​. അതേസമയം, മൂന്നു​ മാസം മുമ്പ്​ കലക്​ടർ പാലിയേക്കര ടോൾ പിരിവ്​ നിർത്തിവെക്കാൻ ഉത്തരവിട്ടെങ്കിലും രായ്ക്കുരാമാനം ഇത്​ മാറ്റാൻ കരാർ കമ്പനിക്ക്​ സാധിച്ചിരുന്നു.

പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോൾ പിരിക്കരു​തെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉത്തരവിട്ടത്.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ യാത്രചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും ടോള്‍ പിരിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് കോടതിയെ സമീപിച്ചത്. ടോൾ പിരിവ് എന്നെന്നേക്കുമായി പൂർണമായും നിർത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഒരുമാസത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.

Tags:    
News Summary - Mannuthi-Edappally toll road to be stopped; People will benefit from Rs 14 crore!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.