ഷുഹൈബ്
മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് (28) പിടിയിലായത്. കൊലപാതകത്തിൽ രണ്ടുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
മുഖ്യപ്രതിയെ തേടി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട നാലുപേരാണ് തമിഴ്നാട്ടിലെത്തിയിരുന്നത്. കൃത്യം നടന്ന ചൊവ്വാഴ്ച രാത്രി 12.45 മുതൽ ഷുഹൈബിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
ഇയാൾ ട്രെയിൻ മാർഗമാണ് രക്ഷപ്പെട്ടത്. മറ്റു രണ്ട് പ്രതികളായ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (26) എന്നിവരെ റിമാൻഡ് ചെയ്തു.
ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് കൗൺസിലറുടെ തലക്കടിച്ചത്. രണ്ട് ബൈക്കുകളിലായി മൂന്നുപേരാണ് സംഭവസ്ഥലത്ത് എത്തിയത്. ഇതിൽ ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പയ്യനാട് താമരശ്ശേരിയിൽ അബ്ദുൽ ജലീലിൽ ആക്രമണത്തിനിരയായത്. തലക്ക് ഗുരുതര പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് ഏഴിനാണ് മരണം.
പാലക്കാട് നിന്ന് മഞ്ചേരിയിലേക്ക് കാറിൽ വരുകയായിരുന്നു അബ്ദുൽ ജലീൽ ഉൾപ്പെട്ട അഞ്ചംഗ സംഘം. ഇതിനിടെ ബൈക്കിലെത്തിയവരുമായി സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
പ്രധാന റോഡിൽ നിന്ന് മാറിയായിരുന്നു സംഭവം. പിന്നീട് ഇരുകൂട്ടരും പ്രശ്നം ഒത്തുതീർത്ത് മടങ്ങുന്നതിനിടെയാണ് കൗൺസിലർക്ക് നേരെ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.