മണിയാര്‍ പദ്ധതി: സർക്കാറിന്‍റെ വക സർക്കാറിന് തന്നെ വിറ്റ് കാര്‍ബോറാണ്ടം കമ്പനി കോടികളുണ്ടാക്കുന്നു -രമേശ് ചെന്നിത്തല

തിരുവനന്തപുരം: കരാര്‍ കാലാവധി കഴിഞ്ഞിട്ടും കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിക്ക് കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. 2024 ഡിസംബര്‍ 31ന് ബി.ഒ.ടി കരാര്‍ അവസാനിച്ചതാണ്. ഇതിന്റെ ഉടമസ്ഥാവകാശം ഇപ്പോള്‍ സംസ്ഥാന വൈദ്യുത ബോര്‍ഡിന് ഉണ്ടാകേണ്ടതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

എന്നാല്‍ കഴിഞ്ഞ 45 ദിവസങ്ങളായി ഈ കമ്പനി മണിയാര്‍ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് കേരളത്തിലെ പീക്ക് അവര്‍ ആയ വൈകിട്ട് ആറു മുതല്‍ 10 വരെയുള്ള സമയത്ത് വൈദ്യുതി ഉല്‍പാദിപ്പിച്ച് യൂണിറ്റ് ഒന്നിന് ശരാശരി 10 രൂപക്ക് വൈദ്യുതി ബോര്‍ഡിന് തന്നെ മറിച്ചു വില്‍ക്കുന്ന പകല്‍ക്കൊള്ളയാണ് ഇവിടെ നടക്കുന്നത്. യൂണിറ്റ് ഒന്നിന് ഉല്‍പാദനചെലവ് 40 പൈസയില്‍ താഴെയാണ്. കുറഞ്ഞത് ഒരു യൂണിറ്റിന് 9.60 രൂപയുടെ കൊള്ളലാഭമാണ് ഈ കമ്പനി സര്‍ക്കാര്‍ ഉടമസ്ഥതയിലാകേണ്ട ഈ വൈദ്യുത നിലയത്തില്‍ നിന്നുണ്ടാക്കുന്നത്.

മൊത്തം 12 മെഗാവാട്ടാണ് ഈ പദ്ധതിയുടെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി. ലളിതമായി പറഞ്ഞാല്‍ 12,000 യൂനിറ്റ് വൈദ്യുതി മണിക്കൂറില്‍ ഉല്‍പാദിപ്പിക്കാന്‍ ഈ നിലയത്തിന് ആകും. ഇത് പൂര്‍ണസമയം വര്‍ക്ക് ചെയ്യുന്നതിന് പകരം പീക്ക് സമയമായ നാലു മണിക്കൂര്‍ മാത്രമേ വര്‍ക്ക് ചെയ്യുന്നുള്ളു. ഇത്രയും ചിലവു കുറഞ്ഞ വൈദ്യുതി ബാക്കിയുള്ള സമയത്ത് നമുക്ക് നഷ്ടപ്പെടുകയാണ്.

ബോര്‍ഡിന്റെ നിയന്ത്രണത്തിലാണെങ്കില്‍ 40 പൈസക്ക് ഉല്പാദിപ്പിക്കാവുന്ന വൈദ്യുതി ഇപ്പോള്‍ 10 രൂപ കൊടുത്ത് വാങ്ങുകയാണ്. വൈദ്യുത ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും മൊത്തം ചുമതല നിര്‍വഹിക്കുന്ന ബോര്‍ഡിന്റെ കളമശേരിയിലെ ലോഡ് ഡെസ്പാച്ച് സെന്ററിന് ഇതിന്മേല്‍ യാതൊരു നിയന്ത്രണവുമില്ല. പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നത്.

കരാര്‍ കഴിഞ്ഞ പദ്ധതിയുടെ ഉടമസ്ഥത സര്‍ക്കാരിന്റേതാണ്. സര്‍ക്കാര്‍ പദ്ധതിയില്‍ അനധികൃതമായി കയറി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സ്വകാര്യ കമ്പനി അതേ വൈദ്യുതി സര്‍ക്കാരിന് തന്നെ വിറ്റ് കൊള്ളലാഭം ഉണ്ടാക്കുന്ന പകല്‍ക്കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്. പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുതി ബോര്‍ഡും ഈ പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

Tags:    
News Summary - Maniyar project: Carborundum Universal is making crores by selling the government's property - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.