‘മണിപ്പൂർ’ ​പ്രതിഫലിച്ചു; ബി.ജെ.പിയെ മൈൻഡ് ചെയ്യാതെ ക്രൈസ്തവ സമൂഹം

പുതുപ്പള്ളി: ക്രിസ്ത്യൻ സമുദായത്തെ പ്രീണിപ്പിച്ച് കൂടെ നിർത്താനുള്ള ബി.ജെ.പി ശ്രമങ്ങൾ പുതുപ്പള്ളിയിൽ എട്ടുനിലയിൽ പൊട്ടി. അരമനകൾ കയറിയും ഈസ്റ്റർ ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ നേതാക്കളടക്കം ക്രിസ്തീയ ഭവനങ്ങൾ സന്ദർശിച്ചുമൊക്കെ ​സമുദായത്തെ തങ്ങളിലേക്കടുപ്പിക്കാൻ നടത്തിയ തന്ത്രങ്ങളൊന്നും പുതുപ്പള്ളി ഉപതെരഞ്ഞെടു​പ്പിൽ വിലപ്പോയില്ല. വലിയ അവകാശവാദങ്ങളുമായി കളത്തിലിറങ്ങിയ പാർട്ടി പുതുപ്പള്ളിയിൽ പതിച്ചത് തകർച്ചയുടെ പടുകുഴിയിലേക്കാണ്. യു.ഡി.എഫ് പടയോട്ടത്തിൽ അമ്പേ തകർന്ന ബി.ജെ.പിക്ക് പുതുപ്പള്ളിയിൽ സമാഹരിക്കാൻ കഴിഞ്ഞത് 5.05 ശതമാനം വോട്ട് മാത്രം. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 78,098 വോട്ട് നേടിയപ്പോൾ കേവലം 6558 വോട്ടാണ് ബി.ജെ.പി സ്ഥാനാർഥി ലിജിൻ ലാലിന് അനൂകൂലമായി താമരച്ചിഹ്നത്തിൽ പതിഞ്ഞത്.


കേരളത്തിൽ പച്ചതൊടണമെങ്കിൽ ന്യൂനപക്ഷവോട്ടുകളിൽ കടന്നുകയറണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പുതുതന്ത്രങ്ങൾ ആവിഷ്‍കരിച്ച് നടപ്പാക്കാനുള്ള ശ്രമങ്ങളിലായിരുന്നു ബി.ജെ.പി. ദേശീയ നേതാക്കൾ ഉൾപ്പെടെ മുൻകൈയെടുത്ത് ക്രിസ്തീയ വോട്ടുകളിൽ വലിയൊരു ഭാഗം തങ്ങളുടെ പെട്ടിയിലെത്തിക്കാനുള്ള ആസൂത്രിത നീക്കങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി നടത്തിയിരുന്നത്. ഉത്തരേന്ത്യയിൽ ഹിന്ദുത്വ സംഘങ്ങളുടെ നേതൃത്വത്തിൽ ക്രൈസ്തവ സമൂഹത്തിനെതിരെ പ്രത്യക്ഷമായ രീതിയിൽ ആക്രമണങ്ങളും പ്രതിഷേധങ്ങളുമൊക്കെ വ്യാപകമായി അരങ്ങേറുമ്പോഴും കേരളം പരീക്ഷണശാലയായിക്കണ്ട് ‘സൗഹൃദ’ വേഷവു​മായി ബി.ജെ.പി ഒരുങ്ങിയിറങ്ങുകയായിരുന്നു. ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ട് ദേശീയ തലത്തിൽതന്നെ ഇത്തരമൊരു അജണ്ട ആവിഷ്‍കരിക്കുകയായിരുന്നു ബി.ജെ.പി.


ഇതിന്റെ ഭാഗമായി സമുദായത്തിലെ ഒറ്റപ്പെട്ട ചിലരെ പാട്ടിലാക്കി തങ്ങൾക്കനുകൂലമായി പ്രസ്താവനകളിറക്കിയും മറ്റും ആശയക്കുഴപ്പമുണ്ടാക്കാൻ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. റബറിന് വില വർധിക്കണമെങ്കിൽ ബി.ജെ.പിയെ ജയിപ്പിക്കണമെന്നതടക്കമുള്ള വിവാദ പ്രസ്താവനയുമായി ചിലർ രംഗത്തുവന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുകളിൽ ക്രൈസ്തവ സമൂഹത്തിൽ സ്വാധീനം ചെലുത്താനാകുമെന്ന കണക്കുകൂട്ടലും ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നു. ഇതിന്റെ ആദ്യ പരീക്ഷണശാലയിൽതന്നെ മുഖമടച്ചുകിട്ടിയ പ്രഹരം ബി.ജെ.പി നേതൃത്വത്തെ കനത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ 11694 വോട്ട് നേടിയ സ്ഥാനത്താണ് ഇക്കുറി ബി.ജെ.പി അതിന്റെ പകുതിയോളം വോട്ടിലേക്ക് താഴ്ന്നുപോയത്.


എത്ര അടുപ്പം കാട്ടിയാലും സംഘ്പരിവാർ അജണ്ട ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന തിരിച്ചറിവ് ദേശീയ തലത്തിൽതന്നെ ബോധ്യപ്പെടുത്തിയതായിരുന്നു മണിപ്പൂരിലെ സംഭവ വികാസങ്ങൾ. മണിപ്പൂരിൽ ക്രിസ്തുമത വിശ്വാസികളായ കുക്കി സമുദായത്തിനുനേരെ നടന്ന ആസൂത്രിത ആക്രമണങ്ങൾ ദേശീയ തലത്തിൽതന്നെ ബി.ജെ.പിയോടും സംഘ്പരിവാറിനോടും അകലം പാലിക്കാൻ ക്രൈസ്തവ സമൂഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടെന്നതിന്റെ പ്രതിഫലനം കൂടിയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ നിഴലിച്ചിരിക്കുന്നത്.

മണിപ്പൂരിലെ സംഭവങ്ങളിൽ കേരളത്തിലും കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം തെരുവിലിറങ്ങിയിരുന്നു. എന്തു വേഷമണിഞ്ഞെത്തിയാലും, എത്ര പ്രലോഭനങ്ങളുയർത്തിയാലും ബി.ജെ.പിക്ക് കേരളത്തിലെ ന്യൂനപക്ഷ വോട്ടുകളിൽ കടന്നുകയറാനാവി​ല്ലെന്നതിന്റെ സൂചന കൂടിയാണ് പുതുപ്പള്ളി ഫലമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    
News Summary - 'Manipur' reflected in Puthuppally Bye Election Results; Christian community without minding BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.