കൽപറ്റ: ജനങ്ങളോട് സൗഹൃദപരമായി പെരുമാറുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്താൽ മാത്രം പോരെന്നും പ്രശ്നങ്ങളിൽ ഫലപ്രദമായ ഇടപെടലുകളും സമയബന്ധിത പരിഹാരങ്ങളും ഉണ്ടാകണമെന്നും ആദിവാസി നേതാവും സാമൂഹിക പ്രവർത്തകനുമായ മണിക്കുട്ടൻ പണിയൻ. അല്ലാത്തപക്ഷം ജനങ്ങൾ തങ്ങളുടെ നിലപാട് വോട്ടിലൂടെ വ്യക്തമാക്കും എന്നതിന് ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ഓർമപ്പെടുത്തലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളുവിന്‍റെ തോൽവിക്കു പിന്നാലെയാണ് മണിക്കുട്ടന്‍റെ വിമർശനം. അത്യന്തം പിന്നാക്കവും അവഗണന നേരിടുന്നതുമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടുകുറുമ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ വർഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണ്. ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ തങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ലെന്നത് വലിയ നിരാശ സൃഷ്ടിച്ചു.
വിവിധ വിഷയങ്ങളിൽ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് കേൾക്കുകയും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും, തുടർനടപടികളിൽ അതിന്റെ ഫലം ജനങ്ങൾക്ക് കാണാനായില്ലെന്ന വിമർശനം ശക്തമാണ്. മാനന്തവാടിയിലെ ഈ തെരഞ്ഞെടുപ്പ് ഫലം റിസർവേഷൻ മണ്ഡലങ്ങളിൽനിന്ന് വിജയിക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും ഒരു പാഠമായിരിക്കണം. പുതിയ തലമുറയുടെ ചോദ്യങ്ങളെയും പ്രതീക്ഷകളെയും അവഗണിക്കാതെ കേൾക്കുകയും ഉത്തരവാദിത്തത്തോടെ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഇനി ആവശ്യമെന്നും മണിക്കുട്ടൻ അഭിപ്രായപ്പെട്ടു.
മാനന്തവാടി പട്ടികവർഗ്ഗ റിസർവേഷൻ മണ്ഡലത്തിൽ നിന്ന് രണ്ടുതവണ വിജയിച്ച എംഎൽഎയായും, രണ്ടുവർഷത്തിലേറെയായി മന്ത്രിയായും പ്രവർത്തിച്ച ഒരാളുടെ തിരഞ്ഞെടുപ്പ് പരാജയം ഒരു വ്യക്തിയുടെ തോൽവി മാത്രമല്ല; ആദിവാസി വിഭാഗം ജനങ്ങളുടെ വിലയിരുത്തലാണ്.
അത്യന്തം പിന്നോക്കവും അവഗണന നേരിടുന്നതുമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടുകുറുമ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ വർഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണ്. ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ലെന്നത് വലിയ നിരാശ സൃഷ്ടിച്ചു.
പട്ടികവർഗ്ഗ റിസർവേഷൻ മണ്ഡലങ്ങളിൽ നിന്ന് വിജയിക്കുന്ന ജനപ്രതിനിധികൾ സാധാരണ രാഷ്ട്രീയ വിജയികളല്ല; ചരിത്രപരമായി അവഗണിക്കപ്പെട്ട സമൂഹങ്ങളുടെ പ്രതീക്ഷകളുടെ പ്രതിനിധികളാണ്. അതിനാൽ അധികാരത്തിന്റെ പുറംമോടിയേക്കാൾ പ്രധാനമാണ് ഉത്തരവാദിത്തബോധവും ആത്മാർത്ഥതയും.
ജനങ്ങളോടൊപ്പം സൗഹൃദപരമായി പെരുമാറുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്. എന്നാൽ അതിൽ മാത്രം ഒതുങ്ങാതെ പ്രശ്നങ്ങളിൽ ഫലപ്രദമായ ഇടപെടലുകളും സമയബന്ധിത പരിഹാരങ്ങളും ഉണ്ടാകണം. അല്ലാത്തപക്ഷം ജനങ്ങൾ തങ്ങളുടെ നിലപാട് വോട്ടിലൂടെ വ്യക്തമാക്കും എന്നതിന് ഈ തിരഞ്ഞെടുപ്പ് ഫലം ഒരു ഓർമ്മപ്പെടുത്തലാണ്.
വിവിധ വിഷയങ്ങളിൽ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് കേൾക്കുകയും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും, തുടർനടപടികളിൽ അതിന്റെ ഫലം ജനങ്ങൾക്ക് കാണാനായില്ലെന്ന വിമർശനം ശക്തമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള ആദിവാസി യുവതലമുറയും സാമൂഹിക പ്രവർത്തകരും ഇന്ന് കൂടുതൽ വ്യക്തതയോടെ സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്നു.
മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് ആദിവാസി ജനത ഇന്നും ജീവിത നിലവാരത്തിൽ പതിറ്റാണ്ടുകൾ പിന്നിലാണ്. ഈ യാഥാർത്ഥ്യം അംഗീകരിച്ച് ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സുരക്ഷ എന്നിവയിൽ കൃത്യമായ ഇടപെടലുകൾ നടത്തേണ്ടത് ജനപ്രതിനിധികളുടെ പ്രധാന ഉത്തരവാദിത്തമാണ്.
മാനന്തവാടിയിലെ ഈ തിരഞ്ഞെടുപ്പ് ഫലം റിസർവേഷൻ മണ്ഡലങ്ങളിൽ നിന്ന് വിജയിക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും ഒരു പാഠമായിരിക്കണം. പുതിയ തലമുറയുടെ ചോദ്യങ്ങളെയും പ്രതീക്ഷകളെയും അവഗണിക്കാതെ കേൾക്കുകയും, ഉത്തരവാദിത്തത്തോടെ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഇനി ആവശ്യമായത്.
മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്നും ഈ തവണ വിജയിച്ച ഉഷ വിജയനോട് വലിയ പ്രതീക്ഷകളുണ്ട്. പ്രത്യേകിച്ച് അതിദുർബല ആദിവാസി വിഭാഗങ്ങളുടെ ഭൂമി, വീട്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ കൃത്യമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങളും പരിഹാര മാർഗങ്ങളും ഞങ്ങൾക്കറിയാം; ആ ദിശയിൽ ആവശ്യമായ പിന്തുണയും വഴിയൊരുക്കലുമാണ് ജനപ്രതിനിധികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ആ പ്രതീക്ഷകൾക്ക് നീതി പുലർത്താൻ കഴിയട്ടെ. എല്ലാ ആശംസകളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.