ഐഎഎസുകാരുടെ കസേര ഇളകിയതിന് പിന്നിൽ സർക്കാരുമായുള്ള ഭിന്നതയും വകുപ്പിലെ ചേരിപ്പോരും
തിരുവനന്തപുരം: നാല് മുതിർന്ന ഐ.എ.എസുകാരുടെ കസേര ഇളകിയത് സർക്കാറുമായുള്ള ഭിന്നതയിലും വകുപ്പിലെ ചേരിപ്പോരിലും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ഷർമിള മേരി ജോസഫിനെ മാറ്റിയത് മന്ത്രി കെ. മുരളീധരന്റെ ആവശ്യത്തെ തുടർന്നായിരുന്നു.
സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം, മുൻ സർക്കാറിന്റെ കാലത്ത് ആരോഗ്യ വകുപ്പിൽ നടന്ന ഇടപാടുകൾ സംബന്ധിച്ച് സമയബന്ധിതമായി റിപ്പോർട്ട് നൽകാതിരിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും ഇടഞ്ഞത്.
ഹിമാചൽ പ്രദേശിൽനിന്നും സ്വകാര്യ കമ്പനികളിൽനിന്നും വൈദ്യുതി വാങ്ങുന്നതിൽ കെ.എസ്.ഇ.ബി സി.എം.ഡി എം.ജി. രാജമാണിക്യവും സർക്കാറും രണ്ടു തട്ടിലായിരുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ആവശ്യത്തെ തുടർന്നാണ് സ്പെഷൽ സെക്രട്ടറി ഡി. സജിത്ത് ബാബുവിനെ വകുപ്പിന്റെ അധിക ചുമതലയിൽനിന്ന് മാറ്റിയത്.
മന്ത്രി അറിയാതെ പല ഉത്തരവുകളും സർക്കുലറുകളും സ്പെഷൽ സെക്രട്ടറി പുറപ്പെടുവിക്കുകയും, ഇത് പിന്നീട് മന്ത്രി ഇടപെട്ട് പിൻവലിക്കുകയും ചെയ്തിരുന്നു.
തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ഡയറക്ടർ ദിവ്യ എസ്. അയ്യരുമായുള്ള ഭിന്നതയാണ് വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ മാറ്റുന്നതിലേക്ക് വഴിവെച്ചതെന്നാണ് സൂചന.
ആഭ്യന്തരം, വിജിലന്‍സ്, ധനകാര്യം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, കെ.എസ്.ഇ.ബി തുടങ്ങിയ പ്രധാന വകുപ്പുകളിലെല്ലാം പുതിയ മേധാവികള്‍ ചുമതലയേല്‍ക്കും.
മൊത്തം 35 ഉദ്യോഗസ്ഥർക്കാണ് മാറ്റം. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആര്. ജ്യേതിലാലിനെ ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയാക്കി.
ജലവിഭവം, ഭവന നിർമാണം, കയര്‍ വകുപ്പുകളുടെ അധിക ചുമതലയും നൽകി. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലത്തെ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാക്കി.
നികുതി വകുപ്പ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് സി.ഇ.ഒ, കെ.എഫ്.സി ചെയര്മാന് എന്നീ അധിക ചുമതലകളും അദ്ദേഹത്തിനുണ്ട്.കെ.എസ്.ഇ.ബി ചെയര്മാൻ ആൻഡ് മാനേജിങ് ഡയറക്ടറായി (സി.എം.ഡി) എൻ. പ്രശാന്തിനെ നിയമിച്ചു.
ഇതിനായി സി.എം.ഡി തസ്തികയെ ഒരുവര്‍ഷത്തേക്ക് ഐ.എ.എസ് സെലക്ഷന് ഗ്രേഡില്‍ എക്സ്കേഡര്‍ പോസ്റ്റായി സര്‍ക്കാര്‍ ഉയര്‍ത്തി. കായിക-യുവജനകാര്യ സ്പെഷല്‍ സെക്രട്ടറി ചുമതലയിൽ പ്രശാന്ത് തുടരും.
വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാക്കി. പൊതുവിദ്യാഭ്യാസം, ആയുഷ്, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ അധിക ചുമതലയും നല്കി. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫിനെ ഗതാഗത സെക്രട്ടറിയായി മാറ്റി നിയമിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയും ഇവര്‍ വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.