സമഗ്ര പരിഷ്കരണത്തിന് ജലവിഭവ വകുപ്പ്: കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാൻ പ്ലാന്റുകൾ
തിരുവനന്തപുരം: തീരദേശ മേഖലയിൽ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കാൻ ഡീസാലിനേഷൻ പ്ലാന്റുകൾ സ്ഥാപിക്കും. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും രൂക്ഷമായ പോളശല്യം പരിഹരിക്കാൻ, പോള സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന വിദേശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഇത്തരം പദ്ധതികൾ പഠിച്ച് നിർദേശിക്കാൻ വിദഗ്ധ സമിതി രൂപവത്കരിച്ചു. ഇതുൾപ്പെടെ സമഗ്ര പരിഷ്കരണത്തിനൊരുങ്ങുകയാണ് ജലവിഭവ വകുപ്പ്. ജലവിഭവ വകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് സമഗ്ര ജലനയം രൂപവത്കരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പും വാട്ടർ അതോറിറ്റിയും കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാനാണ് സമഗ്ര ജലനയവും വിവിധ പരിഷ്കരണ പദ്ധതികളും നടപ്പാക്കുന്നത്. 2027 തുടക്കത്തിൽ ജലനയം പ്രഖ്യാപിക്കും. ജലനയം രൂപപ്പെടുത്താൻ ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് ‘കേരള വാട്ടർ കോൺക്ലേവ്’ സംഘടിപ്പിക്കും. അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയടക്കം പ്രമുഖർ പങ്കെടുക്കും.
കുടിവെള്ള-ജലസേചന പ്രശ്നങ്ങൾ പ്രാദേശികമായി പരിഹരിക്കാൻ ജനുവരി മുതൽ എല്ലാ നിയമസഭ മണ്ഡലങ്ങളിലും എം.എൽ.എമാർ ചെയർമാൻമാരായി സമിതികൾ രൂപവത്കരിക്കും. തദ്ദേശ ജനപ്രതിനിധികളും വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി, എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതി പ്രതിമാസം യോഗം ചേരും. മൂന്നുമാസത്തിലൊരിക്കൽ കലക്ടറുടെ നേതൃത്വത്തിൽ ജില്ലതല അവലോകനവും ആറുമാസത്തിലൊരിക്കൽ മന്ത്രിതല അവലോകനവും നടക്കും. പൈപ്പിടാൻ വാട്ടർ അതോറിറ്റി വെട്ടിപ്പൊളിക്കുന്ന പി.ഡബ്ലു.ഡി റോഡുകൾ ഇനിമുതൽ പി.ഡബ്ല്യു.ഡിയും ഗ്രാമീണ/പഞ്ചായത്ത് റോഡുകളാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നേരിട്ട് പുനരുദ്ധരിക്കും.
വെട്ടിപ്പൊളിക്കുന്ന ഭാഗത്തിന്റെ പുനരുദ്ധാരണത്തിനുള്ള തുക വാട്ടർ അതോറിറ്റി അതത് വകുപ്പുകൾക്ക് കൈമാറും. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിമാർ തമ്മിൽ ധാരണയായി. ഇറിഗേഷന്റെയും വാട്ടർ അതോറിറ്റിയുടെയും കീഴിലുള്ള 22 അണക്കെട്ടുകളുടെ സമഗ്ര സുരക്ഷ വിലയിരുത്തൽ ഡിസംബർ 31നകം പൂർത്തിയാക്കും. ഡാം സൈറ്റുകളും കനാലുകളും വാട്ടർടാങ്ക് പരിസരങ്ങളും നവീകരിച്ച് ഇറിഗേഷൻ ടൂറിസം വികസിപ്പിക്കും. വകുപ്പിന്റെ ഭൂമി അന്യാധീപ്പെടാതിരിക്കാൻ ആറുമാസത്തിനകം അസറ്റ് മാപ്പിങ് നടത്തും. കൈയേറ്റങ്ങളുണ്ടെങ്കിൽ നടപടി സ്വീകരിക്കും. വാട്ടർ അതോറിറ്റിയുടെ സ്ഥലങ്ങൾ, ഇറിഗേഷൻ വക സ്ഥലങ്ങൾ, ഡാം സൈറ്റുകൾ, കനാൽ ഏരിയകൾ എന്നിവ നവീകരിച്ച് ജനോപകാരപ്രദമാക്കും.
ജൽജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കും. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ 4000 കോടിയുടെ തീരദേശ സംരക്ഷണ പദ്ധതി നടപ്പാക്കും. ചെല്ലാനം, പൊഴിയൂർ പദ്ധതികൾക്ക് പുറമെ 10 പ്രധാന ഹോട്ട്സ്പോട്ടുകളാണ് നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖം ബീച്ച് പുനഃസ്ഥാപിക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്. രണ്ടു വർഷത്തിനകം സാധ്യമാകുന്ന എല്ലാ പദ്ധതികളും പൂർത്തീകരിച്ച്, കഴിയുന്നത്ര സ്ഥലങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹിക്കും. വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും അധീനതയിലുള്ള ഗസ്റ്റ് ഹൗസുകളും ഇൻസ്പെക്ഷൻ ബംഗ്ലാവുകളും നവീകരിച്ച് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ന്യായമായ വാടകക്ക് നൽകുന്നത് ആലോചിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.