മണിച്ചന്‍റെ മോചനം: വിശദീകരണം തേടി ഗവർണർ ഫയൽ മടക്കി

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ചന്ദ്രനെന്ന മണിച്ചന്‍റെ മോചനം സംബന്ധിച്ചുള്ള ഫയലിൽ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സർക്കാറിലേക്ക് മടക്കിയയച്ചു.

മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ച് ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാൽ, ശിപാർശകൾ സമർപ്പിക്കപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ വിശദീകരണം തേടി തിരിച്ചയച്ചത്. മണിച്ചന്‍റെ മോചനത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുത്ത് അറിയിക്കാനാണ് സംസ്ഥാനത്തിന് സുപ്രീംകോടതി നിർദേശം നല്‍കിയിട്ടുള്ളതും.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75ാം വാർഷികം പ്രമാണിച്ച് 'ആസാദി കാ അമൃത്' ആഘോഷത്തിന്‍റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവർക്ക് കൂട്ടമോചനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. 20 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ മണിച്ചനെയും മോചിപ്പിക്കണമെന്നായിരുന്നു സർക്കാർ ശിപാർശ. വലിയ വാർത്താ പ്രാധാന്യം നേടിയ കേസായതിനാൽ നിയമോപദേശം തേടിയശേഷമാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് വിവരം.

2000 ഒക്ടോബര്‍ 20നാണ് കൊല്ലം കല്ലുവാതുക്കലിൽ മദ്യദുരന്തമുണ്ടായത്. ദുരന്തത്തിൽ 31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. മണിച്ചനടക്കമുള്ളവര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിതരാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ജയില്‍ ഉപദേശകസമിതിയെ മറികടന്നാണെന്ന ആക്ഷേപവും നിലവിലുണ്ട്. സമിതിയുടെ ശിപാര്‍ശക്ക് പകരം ഗവൺമെന്‍റ് സെക്രട്ടറിമാരുടെ സമിതിയുണ്ടാക്കി ശിപാര്‍ശ വാങ്ങുകയായിരുന്നു.

ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി, ജയില്‍ ഡി.ജി.പി എന്നിവരടങ്ങിയ സമിതിയാണ് ശിപാര്‍ശ നല്‍കിയത്. മണിച്ച‍ന്‍റെ കാര്യം പരിഗണിക്കാന്‍ ജയില്‍ ഉപദേശകസമിതിയെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തടവുകാരുടെ മോചനം സംബന്ധിച്ച ശിപാര്‍ശ ജയില്‍ ഉപദേശകസമിതിയാണ് നല്‍കേണ്ടത്. എന്നാൽ, മണിച്ച‍ന്‍റെ കാര്യത്തിൽ സമിതിയിൽനിന്ന് അനുകൂല നിലപാടുണ്ടാകില്ലെന്ന് വിലയിരുത്തിയാണ് ഉപദേശകസമിതിക്ക് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയുണ്ടാക്കി ശിപാര്‍ശ വാങ്ങിയതെന്ന ആക്ഷേപവുമുണ്ട്.

മണിച്ചന്‍റെ കൈയിൽനിന്ന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്.

Tags:    
News Summary - Manichan's release: Governor returns file seeking explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.