കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ സമ്പൂർണ തോൽവി വിലയിരുത്താൻ ചേർന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സി.പി.എമ്മിന് വിമർശം. സി.പി.എം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതാണ് തങ്ങളുടെ സമ്പൂർണ തോൽവിയുടെ പ്രധാന കാരണമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിറ്റിങ് എം.എൽ.എമാരടക്കം പാർട്ടി സ്ഥാനാർഥികളും പങ്കെടുത്തു. തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല, ഭരിച്ചവരോടുള്ള വിരോധമെന്നായിരുന്നു യോഗത്തിലെ പൊതുഅഭിപ്രായം. നന്നായി ഭരിക്കുക മാത്രമല്ല, ചെയ്ത കാര്യങ്ങൾ ജനങ്ങളെ മാന്യമായി ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കൂടി നേതൃത്വത്തിനുണ്ടെന്ന് വിലയിരുത്തലുണ്ടായി.
സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയാണ് പ്രധാനമായും വിമർശനമുയർന്നത്. ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്നതിൽ മുന്നണി നേതൃത്വം പരാജയപ്പെട്ടതായി നേതാക്കൾ കുറ്റപ്പെടുത്തി.
ജനാധിപത്യമില്ലാത്ത ഇടമായി എൽ.ഡി.എഫ് മാറിയെന്നും അഭിപ്രായമുയർന്നു. ഭരണവിരുദ്ധതയെ അതിജീവിക്കാൻ സ്ഥാനാർഥികളുടെ ജനകീയതക്കുപോലും കഴിഞ്ഞില്ല. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി അടക്കം സിറ്റിങ് സീറ്റുകളിൽ സി.പി.എം പ്രവർത്തകരുടെ ക്രോസ് വോട്ടാണ് തിരിച്ചടിയായത്.
യോഗശേഷം മാധ്യമങ്ങളെ കണ്ട ജോസ് കെ. മാണിയും ക്രോസ് വോട്ട് ആക്ഷേപത്തെ കുറിച്ചു ചർച്ച നടന്നതായി സമ്മതിച്ചു. ക്രോസ് വോട്ട് അടക്കം തോൽവിയുടെ കാരണങ്ങൾ സി.പി.എമ്മും കേരള കോൺഗ്രസും വെവ്വേറെയും കൂട്ടായും വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.