തിരുവനന്തപുരം: ശബരിമല വിഷയം സജീവമാക്കാന്‍ ബി.ജെ.പി. സ്വര്‍ണക്കൊള്ള കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തു നല്‍കി. സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ ഭക്തജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സത്യം പുറത്തു കൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനും സി.ബി.ഐ അന്വേഷണം വേണമെന്നാണ് കത്തില്‍ പറയുന്നത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാര സംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത ഭക്തര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. രണ്ട് ആവശ്യങ്ങളിലും സര്‍ക്കാര്‍ തൃപ്തികരമായ തീരുമാനം എടുത്തില്ലെങ്കില്‍ ബി.ജെ.പി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്തു. 2025 ലെ പാളി കൈമാറ്റം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കുന്നതിന് മുന്നോടിയായിട്ടാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. 2019 ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇയാളെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
2025ല്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയ വിവരം ഹൈകോടതിയെയും സ്പെഷല്‍ കമീഷണറെയും അറിയിക്കാതിരുന്നത്, മുമ്പ് നടത്തിയ തട്ടിപ്പു മറക്കാനാണോ എന്നാണ് എസ്.ഐ.ടി പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
2025ല്‍ പോറ്റിയുടെ കൈവശമല്ല പാളികള്‍ കൊടുത്തിവിട്ടതെന്നും ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തില്‍ വിഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചാണ് പാളികള്‍ ചെന്നൈയിലേക്ക് എത്തിച്ചതെന്നുമാണ് അന്നത്തെ ബോര്‍ഡിന്റെ വാദം. എന്നാൽ സ്വര്‍ണം പൂശലിൽ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെട്ടിരുന്നതിനാല്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോറ്റിയെ വീണ്ടും ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.