ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്, അധികൃതരുടെ അനാസ്ഥയിൽ പിതാവ് മരിച്ചെന്ന് പരാതി

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. നല്ലൂർ സ്വദേശി മോഹൻദാസിന്റെ മരണത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. ശ്വാസതടസ്സം മൂലം ആശുപത്രിയിലെത്തിയ മോഹൻദാസിനെ ചികിത്സിക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. അധികൃതരുടെ അനാസ്ഥ മൂലമാണ് പിതാവ് മരിച്ചതെന്ന് ആരോപിച്ച് മകൻ അരുൺദാസ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

ജൂൺ 11ന് പുലർച്ചെയോടെയാണ് മോഹൻദാസിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്നും ചികിത്സ നൽകാൻ വൈകിയെന്നുമാണ് ആക്ഷേപം. ആശുപത്രി അധികൃതർക്കെതിരെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സ്ഥലം എം.എൽ.എക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

അതേസമയം, മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ പിഴവുണ്ടായെന്ന് പരാതി വന്നതിന് പിന്നാലെ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. എവിടെയെങ്കിലും ചികിത്സ പിഴവ് കണ്ടെത്തിയാൽ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് അന്വേഷിക്കും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞെന്ന് ആരോപിച്ച് കുടുംബം ഡി.എം.ഒക്ക് പരാതി നൽകിയിരുന്നു.

കാലു വേദനയെ തുടർന്നാണ് നിലമ്പൂർ ചുങ്കത്തറ സ്വദേശി പാർവതി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. സർജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - Complaint against Farooq Taluk Hospital alleging medical malpractice, father dies due to negligence of authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.