കൊച്ചി: കൊച്ചി സർവകലാശാലയിലെ വിരമിച്ച ജീവനക്കാർ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ നിർബന്ധമായി ചേർക്കുന്നതിനെതിരെ നൽകിയ നിവേദനത്തിൽ മൂന്നുമാസത്തിനകം സർക്കാർ തീരുമാനം എടുക്കണമെന്ന് ഹൈകോടതി. ഓപ്ഷൻ നൽകാതെ മെഡിസെപ്പ് പദ്ധതിയിൽ നിർബന്ധമായി അംഗങ്ങളാക്കുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. നിലവിൽ മറ്റ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവരെയും മെഡിസെപ്പിൽ ചേർക്കുകയാണ്. പ്രീമിയം അടയ്ക്കേണ്ട പദ്ധതിയിൽ ഇത്തരത്തിൽ അംഗങ്ങളാക്കുന്നതിനെയാണ് ഹരജിക്കാർ ചോദ്യം ചെയ്തത്. നിർബന്ധമായി അംഗമാക്കുന്നതിനെതിരെ കൊച്ചിൻ യൂനിവേഴ്സിറ്റി സർവിസ് പെൻഷനേഴ്സ് അസോസിയേഷനാണ് സർക്കാറിന് നിവേദനം നൽകിയത്.
കുസാറ്റിൽനിന്ന് വിരമിച്ച കെ.സി. അലക്സാണ്ടർ അടക്കമുള്ളവർ നൽകിയ ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്. ഹരജിക്കാരും അസോസിയേഷൻ അംഗങ്ങളാണ്. ആവശ്യമെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ പുതിയ നിവേദനം നൽകാനും ഹരജിക്കാർക്ക് കോടതി അനുമതി നൽകി.
ഹരജിക്കാർ നൽകിയ നിവേദനം സർക്കാറിന്‍റെ പരിഗണനയിലാണെന്നും തീരുമാനം എടുക്കാൻ അനുവദിക്കണമെന്നും സർക്കാർ അഭിഭാഷക അറിയിച്ചത് കോടതി കണക്കിലെടുത്തു. പദ്ധതിയിൽ മാറ്റം വേണമോ എന്നതിൽ സർക്കാർ തീരുമാനം എടുക്കട്ടെ എന്ന നിർദേശത്തോടെയാണ് ഉത്തരവ്. ഹരജിക്കാരെയടക്കം കേട്ട് തീരുമാനം എടുക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.