ഇന്നലെ തണ്ണീർ കൊമ്പൻ മാ​ന​ന്ത​വാ​ടി താ​ഴെ​യ​ങ്ങാ​ടി​യി​ലി​റ​ങ്ങി​യപ്പോൾ

ഇന്നലെ നാടിനെ വിറപ്പിച്ചു; ഇന്ന് കണ്ണീർ കൊമ്പൻ

മാനന്തവാടി: ഇന്നലെ രാവിലെ മാനന്തവാടി നഗരത്തെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച കാട്ടാന തണ്ണീർകൊമ്പൻ ചരിഞ്ഞ വാർത്തയാണ് ഇന്ന് രാവിലെ നാട്ടുകാരെ തേടിയെത്തിയത്. ആനക്ക് സംഭവിച്ചതിൽ വളരെ ദുഃഖമുണ്ടെന്നാണ് നാട്ടുകാരിൽ പലരും പ്രതികരിച്ചത്.

ഇന്നലെ മണിക്കൂറുകളോളം മുറ്റത്ത് നിന്ന് കളിച്ച ആനയായിരുന്നെന്നും വാർത്ത കേട്ടപ്പോൾ സങ്കടം തോന്നിയെന്നും പ്രദേശവാസി പറഞ്ഞു. തങ്ങളുടെ ഏതാനും വാഴകൾ നശിപ്പിച്ചിട്ടുണ്ടെന്നും അതിൽ സങ്കടമില്ലെന്നും അതിലുപരിയാണ് ആന ചരിഞ്ഞ വാർത്ത കേട്ടപ്പോഴുള്ള സങ്കടമെന്നും ഇന്നലെ മയക്കുവെടിയേൽക്കുമ്പോൾ ആന നിന്നിരുന്ന വാഴത്തോട്ടത്തിന്‍റെ ഉടമ പറഞ്ഞു.

ഇന്നലെ ആനയെ കാണാൻ നി​രോ​ധ​നാ​ജ്ഞ ലംഘിച്ചും ജനം കൂട്ടത്തോടെ എത്തിയിരുന്നു. ആന ഇറങ്ങിയതിനെ തുടർന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ മാ​ന​ന്ത​വാ​ടി ടൗ​ൺ, പെ​രു​വ​ക, താ​ഴെ​യ​ങ്ങാ​ടി, എ​രു​മ​ത്തെ​രു​വ് വാ​ർ​ഡു​ക​ളി​ലും എ​ട​വ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ടി​ക്ക​ട​വ്, ചാ​മാ​ടി​പ്പൊ​യി​ൽ, പാ​യോ​ട് വാ​ർ​ഡു​ക​ളി​ലുമാണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചിരുന്നത്.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച നി​ല​യി​ൽ എ​ത്തി​യ കാ​ട്ടാ​ന ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​രി​ടു​ന്ന വ​ന​ത്തി​ൽ​നി​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തി​യ​ത്. മാ​ന​ന്ത​വാ​ടി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ത്തെ 11 മ​ണി​ക്കൂ​റാണ് ആന മു​ൾ​മു​ന​യി​ൽ നിർത്തിയത്. ഒടുവിൽ വൈകീട്ട് 5.30ഓടെ മയക്കുവെടി വെക്കുകയായിരുന്നു. പി​ന്നീ​ട്‌ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി രാ​ത്രി ബ​ന്ദി​പ്പൂ​രി​ലെത്തിക്കുകയായിരുന്നു.

ബന്ദിപ്പൂരിൽ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ചരിയുകയായിരുന്നെന്നാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. സംഭവത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയുടെ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - mananthavady natives comment about the death of thanneer komban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.