കൊച്ചി: ഹൈകോടതിയിൽ ജാമ്യഹരജി പരിഗണനയിലിരിക്കെ സെഷൻസ് കോടതിയെ സമീപിച്ച് ജാമ്യം നേടിയ എടവണ്ണ പള്ളിപ്പറമ്പൻ മനാഫ് വധക്കേസിലെ രണ്ട് പ്രതികൾക്ക് 15,000 രൂപ വീതം പിഴവിധിച്ച് ഹൈകോടതി. കേസിലെ ആറാംപ്രതി നിലമ്പൂർ സ്വദേശി മുനീബ്, ഏഴാംപ്രതി എളമരം സ്വദേശി കബീർ എന്നിവർക്കാണ് സിംഗിൾ ബെഞ്ച് പിഴ ചുമത്തിയത്. കോടതി നടപടികൾ ദുരുപയോഗം ചെയ്തെന്ന് ബോധ്യപ്പെട്ട സെഷൻസ് കോടതി പിന്നീട് ഇരുവരുടെയും ജാമ്യം റദ്ദാക്കിയിരുന്നു. വിവരം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇരുവർക്കും പിഴവിധിച്ച് ൈഹകോടതി ഉത്തരവുണ്ടായത്.
1995 ഏപ്രിൽ 13നാണ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയിൽ അക്രമിസംഘം കൊലപ്പെടുത്തിയത്. മുനീബും കബീറും നേരത്തേ നൽകിയ ജാമ്യഹരജി ഒക്ടോബർ 31ന് കോടതി തള്ളിയിരുന്നു. പിന്നീട് ഇൗ മാസം 22ന് വീണ്ടും ജാമ്യഹരജി നൽകി. ഇത് ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇരുപ്രതികളും സെഷൻസ് കോടതിയിൽനിന്ന് ജാമ്യംനേടിയത്.
ഹൈകോടതിയിൽ ഹരജി നിലവിലുള്ളത് അറിഞ്ഞയുടൻ ജാമ്യം റദ്ദാക്കിയ സെഷൻസ് കോടതി ഇവരെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവുമിട്ടു. തുടർന്ന് കഴിഞ്ഞ ദിവസം ജാമ്യഹരജി ഹൈകോടതി പരിഗണനക്കെടുത്തു. ഇരു പ്രതികളും തട്ടിപ്പ് നടത്തിയത് പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പിൻവലിക്കാൻ താൽപര്യമറിയിച്ചതിനെതുടർന്ന് ഹരജികൾ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.