തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണു മരിച്ചു. ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരനാണ് (53) സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
രാത്രി ഒമ്പതോടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തി അധികം കഴിയും മുമ്പേ മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, പൊലീസ് കൈകാണിച്ചെങ്കിലും അൽപം മുന്നോട്ടു നീങ്ങിയാണ് മനോഹരൻ വാഹനം നിർത്തിയത്. പൊലീസ് ജീപ്പിനു സമീപം നിൽക്കുകയായിരുന്ന ഒരു പൊലീസുകാരൻ ഓടിയെത്തി ഹെൽമറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പൊലീസ് ജീപ്പിൽവച്ചും പൊലീസുകാർ മനോഹരനെ മർദിച്ചതായാണ് ആരോപണം.
അതേസമയം, മനോഹരനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുമ്പിൽ മനോഹരൻ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.