പിടിയിലായ സോമൻ

ബസിൽനിന്ന് മൊബൈൽ പോക്കറ്റടിച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു; ഉടമ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് പിടികൂടി

തിരുവല്ല: ബസ് യാത്രക്കാരന്റെ മൊബൈൽ ഫോൺ പോക്കറ്റടിച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ചയാളെ പിന്തുടർന്ന് പിടികൂടി. ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്ത് പോക്കറ്റടിയും മൊബൈൽ മോഷണവും പതിവാക്കിയ തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് വീട്ടിൽ സോമൻ (63) ആണ് പിടിയിലായത്.

വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും 18,00 രൂപ അടങ്ങുന്ന പഴ്സും പൊലീസ് ഇയാളിൽ നിന്നും കണ്ടെടുത്തു. പന്തളം പറന്തൽ സ്വദേശി ജെയിംസ് മാത്യുവിന്റെ 25,000 രൂപയോളം വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ തിരുവല്ല ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലിസ് സോമനെ പിടികൂടിയത്.

തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പർ ഫാസ്റ്റ് ബസിൽ അടൂരിൽ നിന്നും പന്തളത്തേക്ക് വന്നതായിരുന്നു ജെയിംസ്. പന്തളത്ത് ബസ് ഇറങ്ങി മിനിട്ടുകൾക്ക് ശേഷമാണ് മൊബൈൽ നഷ്ടമായ വിവരം അറിയുന്നത്. ഉടൻ തന്നെ ജെയിംസ് മറ്റൊരു വാഹനത്തിൽ സൂപ്പർ ഫാസ്റ്റിനെ പിന്തുടർന്നു. തിരുവല്ലയിൽ എത്തും മുമ്പ് തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. സൂപ്പർ ഫാസ്റ്റ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും പൊലീസും ജെയിംസും സ്ഥലത്തെത്തി.

തുടർന്ന് ബസിനുള്ളിൽ നിന്നും സോമനെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോണുകളും പഴ്സും കണ്ടെടുത്തത്.

കോട്ടയത്ത് നടത്തിയ പോക്കറ്റടി കേസിൽ പിടിയിലായ സോമൻ ഒരാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Man held for Serial pickpocketing in thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.