തമിഴ്നാട്ടിൽ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

കമ്പം: ചിന്നക്കനാലിൽനിന്ന് കാടുകടത്തിയ ആന അരിക്കൊമ്പൻ തമിഴ്നാട് കമ്പത്ത് ആക്രമിച്ച ബൈക്ക് യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കമ്പം സ്വദേശി പോൾരാജാണ് (56) മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച കമ്പം ടൗണിൽവെച്ചാണ് പോൾരാജിനു നേരെ ആക്രമണമുണ്ടായത്. ആന തട്ടിയിട്ട ഇദ്ദേഹത്തിന് തലക്കും വയറിനും പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയാണ് മരണം. ​

കൊല്ലപ്പെട്ട പോൾരാജിന്റെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പിടികൂടാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശ്രീവില്ലിപുത്തൂർ മേഘമല കടുവാസ​ങ്കേതം ഫീൽഡ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഡോക്ടർമാർ​ക്കൊപ്പം പ്രത്യേക പരിശീലനം നേടിയ മറ്റു 16 പേരും അടങ്ങിയതാണ് സംഘം. നിരീക്ഷണത്തിനായി ​കമ്പത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 200 പേരടങ്ങുന്ന വിഭാഗത്തെ വിന്യസിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


ഷൺമുഖ നദീ ഡാമിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്ന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ചുവരുകയാണ്. മുൾവേലിയെല്ലാം തട്ടിമാറ്റി പോയതിനാൽ തുമ്പിക്കൈയിലടക്കം പരിക്കേറ്റിട്ടുണ്ട്. അതിനാൽ ആന ക്ഷീണിതനാണെന്നും രണ്ടു ദിവസമായി അധികദൂരം സഞ്ചരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. മൂന്നു കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുകയാണ്. ആന വനത്തിൽനിന്ന് പുറത്തിറങ്ങിയാൽ മയക്കുവെടിവെക്കാനാണ് നീക്കം. കമ്പം മേഖലയിൽ ഇന്നലെയും നിരോധനാജ്ഞയായിരുന്നു.

ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷയുൾപ്പെടെ വാഹനങ്ങൾ തകർത്തിരുന്നു. ജനങ്ങളാകെ പരിഭ്രാന്തിയിലാകുകയും ചെയ്തു. തുടർന്നാണ് ആനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശംവിതക്കുമെന്നു കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടിവെച്ച് പിടികൂടിയത്.

തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാസങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. ഇവിടെനിന്ന് സംസ്ഥാനാതിർത്തി കടന്ന ആന തമിഴ്നാട്ടിലെ മേഘമലയിലെത്തി. ഇവിടെ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ ശേഷമാണ് വീണ്ടും സഞ്ചരിച്ച് കേരള-തമിഴ്നാട് അതിർത്തി മേഖലയായ കമ്പത്തെത്തിയത്.

Tags:    
News Summary - Man dies after attacked by arikomban in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.