തൃശൂർ: ഒഡിഷയിലെ കണ്ഡമാലിൽ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ നാല് എം.ടെക് വിദ്യാർഥികളടക്കം ഏഴുപേരെ ആക്രമിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടു. കുട്ടികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ഓഫിസ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്.
ഒഡിഷയിലെ നിയമനടപടികൾ പൂർത്തിയാക്കി കുട്ടികളെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. വിയ്യൂർ പൊലീസും തൃശൂർ എൻജിനീയറിങ് കോളജ് അധികൃതരും വിദ്യാർഥികളെ ബന്ധപ്പെട്ടിരുന്നു. ഇവരുടെ തിരിച്ചുവരവിന്റെ കാര്യങ്ങൾക്കായി ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഒരു മാസത്തെ ഇന്റേൺഷിപ്പിനായി ഒഡിഷയിലെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനന്ദ് കിരൺ, മുക്കം സ്വദേശി ഇബ്നു മിശ്അൽ, മലപ്പുറം വളാഞ്ചേരി സ്വദേശി അമീൻ ഷിബിൽ, കണ്ണൂർ സ്വദേശി വിശ്രുത് സാരഥി എന്നിവരടങ്ങുന്ന സംഘം ജൂൺ എട്ടിനാണ് ആക്രമണത്തിനിരയായത്. വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങുന്നതിനിടെ മദ്യക്കുപ്പിയും ഇരുമ്പുവടികളും കല്ലും കൊണ്ട് ആക്രമിക്കുകയും മൊബൈൽ ഫോണുകളും വാഹനങ്ങളുടെ താക്കോലുകളും പിടിച്ചുപറിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.