മക്കയിൽ കാണാതായ മലയാളി ഹജ്ജ് തീർഥാടകനെ ഇനിയും കണ്ടെത്താനായില്ല

മലപ്പുറം: സ്വകാര്യഗ്രൂപ് വഴി ഹജ്ജിന് പോയ തീർഥാടകനെ മക്കയിൽ കാണാതായിട്ട് ഒരു മാസം പിന്നിട്ടിടും കണ്ടെത്താനായില്ല. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീനെ (72) ആണ് ജൂലൈ എട്ട് മുതൽ കാണാതായത്.

ഭാര്യയും കുടുംബാംഗങ്ങളും ഉള്‍ക്കൊള്ളുന്ന സംഘത്തോടൊപ്പം കൊച്ചി വിമാനത്താവളം വഴിയാണ് മൊയ്തീന്‍ മക്കയിലെത്തിയത്. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ജൂലൈ എട്ടിന് മക്കയിലെ താമസ സ്ഥലത്ത് നിന്ന് തനിച്ച് പുറത്തേക്കിറങ്ങിയ അദ്ദേഹം പിന്നീട് തിരികെ വന്നിട്ടില്ല. ഉടന്‍ ബന്ധുക്കള്‍ മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസ്, മക്കയിലെ സന്നദ്ധ സംഘടനകള്‍, പ്രവാസി കൂട്ടായ്മകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുവെങ്കിലും ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.

പിതാവിനെ കണ്ടെത്തുന്നതിനായി മകന്‍ ശബീർ നാട്ടില്‍ നിന്നും മക്കയിലെത്തിയിട്ടുണ്ട്. അതേ സമയം സംഘത്തിലുള്ളവരുടെ ഹജ്ജ് വിസ കാലാവധി അവസാനിച്ചതിനാല്‍ ഭാര്യയുള്‍പ്പടെയുള്ളവര്‍ ആഗസ്റ്റ് ഒന്നിന് നാട്ടിലേക്ക് തിരിച്ചുപോന്നു. ഹാജിമാര്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖ, ലോഹ വള എന്നിവയിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഹാജിമാര്‍ കൂട്ടം തെറ്റിയാലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെങ്കിലും ഇതുവരെ ഹാജിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറവി രോഗം ഉള്‍പ്പടെ ശാരീരിക പ്രയാസങ്ങള്‍ അനുവഭിക്കുന്ന മൊയ്തീൻ പുറത്തിറങ്ങിയ സമയത്ത് തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചിരുന്നുവോ എന്നും വ്യക്തമല്ല.

ഹാജിയെ കണ്ടെത്തുന്നതിന് സൗദിയിലെ മലയാളി കൂട്ടായ്മകള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇനിയും തുടരണമെന്നും പ്രാര്‍ത്ഥന നടത്തണമെന്നും സി. മുഹമ്മദ് ഫൈസി അഭ്യര്‍ത്ഥിച്ചു. മൊയ്തീനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും ജിദ്ധയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലമിനും ഹജ്ജ് കമ്മിറ്റി ചെയർമാൻ കത്തയച്ചു.

സൗദി ഭരണകൂടത്തിന്റെ സഹായത്തോടെ ഹാജിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും ഹാജിയുടെ തിരോധാനത്തില്‍ ഭാര്യയും കുടുംബങ്ങളും അങ്ങേയറ്റം പ്രയാസത്തിലാണെന്നും ചെയര്‍മാന്‍ കത്തിലൂടെ അംബാസഡറെ അറിയിച്ചു.

Tags:    
News Summary - Malayali Hajj pilgrim who went missing in Mecca is yet to be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.