കുരുന്നുകളോടും വിവേചനം; ദേശീയ സൈക്കിൾ പോളോയിൽ മത്സരിക്കാനെത്തിയ മലയാളി പെൺകുട്ടി നാഗ്പൂരിൽ മരിച്ചു

ആലപ്പുഴ: ദേശീയ സൈക്കിൾ പോളോയിൽ മത്സരിക്കാൻ നാഗ്പൂരിൽ എത്തിയ മലയാളി പെൺകുട്ടി മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനി നിദ ഫാത്തിമയാണ് (10) മരിച്ചത്. ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. സൈക്കിൾ പോളോ മത്സരങ്ങൾ ഇന്നാണ് ആരംഭിക്കേണ്ടിയിരുന്നത്.

നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ. ഇന്നലെ രാത്രി മുതൽ തുടർച്ചയായി നിദ ഛർദ്ദിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ ഇഞ്ചക്ഷൻ നൽകിയയുടൻ കുഴഞ്ഞുവീണെന്നും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും വൈകാതെ മരിച്ചെന്നുമാണ് വിവരം. മൃതദേഹം നാഗ്പൂരിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് നിദ ഫാത്തിമ ഉൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ, ഇവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ‌ ദേശീയ ഫെഡറേഷൻ നൽകിയില്ലെന്ന് ആരോപണമുണ്ട്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാടെന്നും പറയുന്നു. നാഗ്പൂരിൽ താൽക്കാലിക സൗകര്യങ്ങളിലാണ് സംഘം കഴിഞ്ഞിരുന്നത്. താമസ, ഭക്ഷണ സൗകര്യം ലഭിച്ചില്ലെന്ന പരാതി പരിശോധിച്ചുവരികയാണെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. 

Tags:    
News Summary - Malayali cycle polo player nida fathima died in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.