പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മലയാള ഭാഷക്കായി പ്രത്യേക വകുപ്പും ഡയറക്ടറേറ്റും മന്ത്രിയും വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷ ബിൽ -2025 നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. 2015ൽ ‘മലയാള ഭാഷ വ്യാപനവും പരിപോഷണവും’ ബിൽ നിയമസഭ പാസാക്കിയിരുന്നെങ്കിലും സംസ്ഥാനത്തെ ഭാഷ ന്യൂനപക്ഷങ്ങളായ തമിഴ്, കന്നട വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുമെന്ന സംശയമുയർത്തി അന്നത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവം ബില്ല് രാഷ്ട്രപതിക്ക് അയച്ചു. പത്ത് വർഷത്തിനുശേഷം കാരണം പറയാതെ രാഷ്ട്രപതി ദ്രൗപതി മുർമു ബിൽ തള്ളി. ഇതോടെയാണ് പുതിയ ബില്ലിന്റെ കരട് മന്ത്രി സഭയുടെ അംഗീകാരത്തോടെ നിയമസഭയിൽ അവതരിപ്പിച്ചത്.
-സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പിനെ മലയാള ഭാഷാ വികസന വകുപ്പെന്ന് പുനർ നാമകരണം ചെയ്യും.
-വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പുനർ വിന്യസിച്ച് മലയാള ഭാഷ വികസന ഡയറക്ടറേറ്റ് രൂപവത്കരിക്കും.
-സർക്കാർ ഉത്തരവുകൾ, ചട്ടങ്ങൾ, ബൈലോകൾ, റഗുലേഷനുകൾ, ബില്ലുകൾ, ആക്ടുകൾ, ഓർഡിനൻസുകൾ എന്നിവ മലയാളത്തിലാക്കും. ആവശ്യമെങ്കിൽ ഇവയുടെ ഇംഗ്ലിഷ് പരിഭാഷ പുറത്തിറക്കും.
-സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താം തരംവരെ നിർബന്ധിത ഒന്നാം ഭാഷയായി മലയാളം മാറും. മറ്റു ഭാഷകൾ മാതൃഭാഷയായവർക്ക് മലയാളം പഠിക്കാൻ അവസരമുണ്ടാകും.
-കേന്ദ്ര -സംസ്ഥാന നിയമങ്ങളും ഭേദഗതികളും നിശ്ചിത കലായളവിനുള്ളിൽ മലയാളത്തിലേക്ക് തർജമ ചെയ്ത് പ്രസിദ്ധപ്പെടുത്തും.
-ഇ ഗവേണൻസ്, സർക്കാർ വെബ്സൈറ്റുകൾ, പോർട്ടലുകൾ, മൊബൈൽ ആപ്പുകൾ എന്നിവക്ക് മലയാളം പതിപ്പ് ഉണ്ടാകും.
-ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ട്രാൻസ്ലേഷൻ, മലയാളം യൂണികോഡ് ഏകീകരണം എന്നിവക്ക് പിന്തുണ ഉറപ്പാക്കും.
-ജില്ല കോടതികൾ മുതൽ താഴെയുള്ള കോടതികളിലെ ഭാഷയും വിധിന്യായവും ഹൈകോടതിയുടെ അനുമതിയോടെ മലയാളത്തിലാക്കും.
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ നിന്ന് ചാൻസലറായ ഗവർണറുടെ പ്രതിനിധിയെ പുറന്തള്ളുന്നതിനുള്ള ബില്ലും 13 സർവകലാശാലകളിൽ സിൻഡിക്കറ്റ് യോഗം വിളിക്കുന്നതിൽ വി.സിമാർക്കുള്ള അധികാരം നിയന്ത്രിക്കുന്നതിനുമുള്ള ബില്ലുകളും നിയമസഭ സബ്ജക്ട് കമ്മിറ്റി പരിഗണനക്ക് വിട്ടു.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കാലടി, കുസാറ്റ്, കെ.ടി.യു, മലയാളം, ഓപ്പൺ, വെറ്ററിനറി, ആരോഗ്യ, ഫിഷറീസ്, കാർഷിക സർവകലാശാലകളിലെ സിൻഡിക്കേറ്റിന്റെ/ നിർവാഹക സമിതിയുടെ യോഗം രണ്ട് മാസത്തിലൊരിക്കൽ വി.സി വിളിച്ചുചേർക്കണമെന്ന വ്യവസ്ഥയാണ് നിയമത്തിൽ കൂട്ടിച്ചേർക്കുന്നത്. മൂന്നിലൊന്ന് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഏഴ് ദിവസത്തിനകം സിൻഡിക്കറ്റ് യോഗം വി.സി വിളിച്ചുചേർക്കണമെന്ന വ്യവസ്ഥയും ഇതോടൊപ്പമുണ്ട്.
ഡിജിറ്റൽ സർവകലാശാലയിൽ ഐ.ടി/ ഇലക്ട്രോണിക്സ് മേഖലയിൽ നിന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രഗത്ഭനായ അക്കാദമീഷ്യൻ കൺവീനറാകുന്ന സെർച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി, സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, ഐ.ടി/ ഇലക്ട്രോണിക്സ് മേഖലയിൽ നിന്ന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവർ അംഗങ്ങളാകുമെന്ന് ബില്ലിൽ പറയുന്നു. വി.സി നിയമനത്തിനുള്ള പ്രായപരിധി 70 വയസാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.