കുറ്റിപ്പുറം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള സർവേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് തുടങ്ങി. കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നാണ് സർവേ തുടങ്ങിയത്. കുറ്റിപ്പുറം പാലം മുതൽ ജില്ല അതിർത്തിയായ ഇടിമൂഴിക്കൽ വരെയുള്ള ഭാഗങ്ങളിലെ സർവേയാണ് നടക്കുക.
സർവേ തടയാനുള്ള സമരസമിതിയുടെ നീക്കത്തെ പ്രതിരോധിക്കാനായി നാലിടങ്ങളിൽ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. കുറ്റിപ്പുറത്തേക്കുള്ള ആളുകളെയും വാഹനങ്ങളെയും കർശന പരിശോധന നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. എന്നാൽ, ഇതുവരെയും സമരക്കാർ പ്രദേശത്ത് എത്തിയിട്ടില്ല.
കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് യൂണിറ്റ് പൊലീസ്, ഫയർഫോഴ്സ്, ക്രെയിൻ എന്നിവ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാതെ സർവെ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കലക്ടർ എൽ ആൻഡ് എ (എൻ.എച്ച്) ഡോ. അരുണിന്‍റെ നേതൃത്വത്തിലാണ് സർവെ നടത്തുന്നത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിെൻറ ഭാഗമായി ശനിയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. എന്നാൽ, സർവേ തടയുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.
ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വർഷങ്ങളിൽ 3എ വിജ്ഞാപനം ഇറക്കിയെങ്കിലും സർവേ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സർവേ ദിവസം നാല് കിലോമീറ്റർ ദൂരത്തിൽ അതിർത്തി കല്ലുകൾ നാട്ടി 15 ദിവസം കൊണ്ട് തീർക്കാനാണ് ശ്രമം. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാൻ ജില്ലയിൽ 243.9 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.