മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങൾ നേർന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. നിലമ്പൂർ യു.ഡി.എഫ് സ്ഥാനാർഥിയായി ഷൗക്കത്തിനൊപ്പം ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരാണ് വി.എസ് ജോയിയുടേത്.
നിയമസഭാംഗത്വം രാജിവെച്ചയുടൻ പി.വി അൻവർ മുന്നോട്ടുവെച്ച പേരുകളിലൊന്നായിരുന്നു ജോയിയുടേത്. കുടിയേറ്റ കർഷകരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള വി.എസ്.ജോയിയെ സ്ഥാനാർഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പല ആവർത്തി പറഞ്ഞിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിന്റെ തൊട്ടുമുൻപ് വരെ അൻവർ സമ്മർദം ചെലുത്തിയെങ്കിലും യു.ഡി.എഫ് തീരുമാനം ആര്യാടൻ ഷൗക്കത്തിനൊപ്പമായിരുന്നു.
വി.എസ് ജോയിയെ കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ തീരുമാനം അറിയിക്കുകയും ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിന് പൂർണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാൻഡ് ശരിവെക്കുകയായിരുന്നു.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാൻഡിനെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും വന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് തീരുമാനം അറിയിച്ചത്.
നിലമ്പൂരിൽ യു.ഡി.എഫിന് വിജയിക്കാനുള്ള സാഹചര്യമുണ്ടെന്നും യോഗത്തിൽ വിലയിരുത്തി. ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ നിലമ്പൂർ പിടിച്ചെടുത്തത്. പിണറായിസത്തെ തകർക്കാനായി ആര് യു.ഡി.എഫ് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നായിരുന്നു നേരത്തേ അൻവർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മലക്കം മറിയുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിലെ അതൃപ്തിയും അൻവർ പരസ്യമാക്കിയിരുന്നു. പകരം വി.എസ്. ജോയിയുടെ പേരാണ് അൻവർ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.