മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; പ്രതിഷേധവുമായി ജനങ്ങൾ, തെറ്റായ പ്രചാരണമെന്ന് മന്ത്രി

മുട്ടം: ജലനിരപ്പ് ഉയർന്നതിന് പിന്നാലെ മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നത് ജനത്തെ ആശങ്കയിലാക്കി. ഞായറാഴ്ച പുലർച്ചയാണ് ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു. ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ഉയർത്തിയ നിലയിലായിരുന്നു.

പുലർച്ചയോടെ രണ്ട് ഷട്ടറുകൾകൂടി ഉയർത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഡാമിലെ ജലനിരപ്പ് 40.48 മീറ്ററായി. രണ്ടാമത്തെ ഷട്ടർ 50 സെ.മീറ്ററും മൂന്നാമത്തെ ഷട്ടർ 10 സെ.മീറ്ററും നാല്​, അഞ്ച്​, ആറ്​ ഷട്ടറുകൾ 70 സെ.മീറ്ററുമാണ് തുറന്നത്. ജലനിരപ്പ് 39.50 മീറ്ററിൽ നിലനിർത്താൻ ആവശ്യമായിവന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഞായറാഴ്ച ഡാം തുറന്നതിനുശേഷമാണ് കലക്ടറുടെ പേജിൽ അറിയിപ്പ്​ വന്നത്​.

മുന്നറിയിപ്പില്ലാതെ ഷട്ടർ ഉയർത്തിയെന്നത്​ തെറ്റായ പ്രചാരണം -മന്ത്രി

മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി ജനങ്ങളെ അപകടാവസ്ഥയിലാക്കിയെന്നത്​ തെറ്റായ പ്രചാരണമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമുകളിൽ ആശങ്കകരമായ അളവിൽ ജലനിരപ്പ് നിലവിൽ ഉയർന്നിട്ടില്ല. മിക്ക ഡാമുകളിലും സംഭരണശേഷിയുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് ജലനിരപ്പെന്നും മന്ത്രി കോട്ടയത്ത് മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. നിലവിലുള്ള മഴയിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ജലമാണ് ഡാമുകളിലേക്ക് എത്തുന്നത്. റവന്യൂ വകുപ്പും ഇറിഗേഷൻ വകുപ്പും സംയുക്തമായി സ്ഥിതി വിലയിരുത്തുന്നുണ്ട്​. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ഉന്നതല യോഗം അടുത്തദിവസം വിളിച്ചുചേർക്കും.

Tags:    
News Summary - Malankara Dam opened without warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.