പാലക്കാട്: എലപ്പുള്ളിയിൽ ബ്രുവറിക്കായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളമെത്തിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്. പാലക്കാട് ജില്ലയിലെ കർഷകർ മലമ്പുഴ ഡാം വെള്ളത്തെ ആശ്രയിച്ചാണ് രണ്ടാംവിള നെൽകൃഷി ചെയ്യുന്നത്. എല്ലാ വർഷവും കർഷകർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മലമ്പുഴ വെള്ളം കൃഷിയാവശ്യങ്ങൾ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങൾക്ക് ഉപയോഗിക്കാവൂവെന്ന് 2018ൽ ഹൈകോടതി ഉത്തരവിട്ടത്. മലമ്പുഴയിൽ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റർ വെള്ളം കിൻഫ്രയിലെ വ്യാവസായികാവശ്യങ്ങൾക്ക് നൽകാൻ ധാരണയായിരുന്നു. 13 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കാനുളള പ്രവർത്തനവും തുടങ്ങി. എന്നാൽ, ഇതിനെതിരെ കർഷകനും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ മാത്തൂർ ശിവരാജൻ നൽകിയ ഹർജിയിലായിരുന്നു ഹൈകോടതി ഇടപെടൽ. കുടിവെള്ളത്തിനും ജലസേചനത്തിനും വെള്ളം ഉറപ്പാക്കണമെന്ന് ഉത്തരവിലുണ്ട്.
മലമ്പുഴ ഡാം കമീഷൻ ചെയ്തത് കാർഷികാവശ്യങ്ങൾക്കായാണ്. ഡാമിൽ ഓരോ വർഷം കൂടുംതോറും ജലലഭ്യത കുറയുകയാണെന്ന് കർഷകർ പറയുന്നു. ചെളി അടിഞ്ഞതും സംഭരണശേഷിയെ ബാധിച്ചു. കടുത്ത വേനലിൽ കുറച്ച് വെള്ളം മാത്രമാണ് ശേഷിക്കുക. 2016-17 ൽ 27 ദിവസം മാത്രമാണ് മലമ്പുഴയിൽനിന്ന് കൃഷിക്കായി വെള്ളമെടുത്തത്. രണ്ടാം വിളക്ക് 120 ദിവസമെങ്കിലും വെള്ളം കിട്ടിയാലേ നല്ല വിളവ് ലഭിക്കൂ. ഇത്തവണ കിട്ടിയത് 100 ദിവസം. കൂടാതെ പാലക്കാട് നഗരസഭയിലും സമീപത്തെ ആറ് പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തുന്നതും മലമ്പുഴയിൽ നിന്നാണ്. ദിനംപ്രതി 70-75 ദശലക്ഷം ലിറ്റർ വെള്ളമെങ്കിലും ഇതിന് വേണം.
ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി ജല അതോറിറ്റിക്ക് നല്‍കുന്നത് 96 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇതിൽ 61 ദശലക്ഷം ലിറ്റർ വെള്ളമേ അതോറിറ്റി ഉപയോഗിക്കുന്നുള്ളൂ. ബാക്കി വരുന്ന വെള്ളം വ്യാവസായികാവശ്യങ്ങൾക്കായി ജല അതോറിറ്റി നൽകുന്നെന്നാണ് കർഷകരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.