ശബരിമല കാനനപാത അടച്ചതിനു പിന്നില്‍ ഗൂഢാലോചന -മല അരയ മഹാസഭ

കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ മറയാക്കി, ശബരിമല തീര്‍ഥാടനത്തിനുള്ള യഥാര്‍ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതില്‍ പ്രതിഷേധിച്ച് മല അരയ മഹാസഭ. കാനനപാത അടച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ പ്രതിഷേധിച്ച് വൃശ്ചികം ഒന്നിന് 41 കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും, വൈകിട്ട് 10,000 മല അരയ കുടുംബങ്ങളില്‍ പ്രതിഷേധജ്വാല തെളിക്കുമെന്നും ഐക്യമല അരയ മഹാസഭ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദേവസ്വം ബോര്‍ഡിന്‍റെ നടപടി വിശ്വാസത്തിനും ആചാരങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ അംഗീകരിക്കാനാകില്ല. തീര്‍ഥാടകര്‍ക്കായി പരമ്പരാഗതപാത ഉടന്‍ തുറന്നു നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകും. ശബരിമല അമ്പലത്തിലെ ഉടമസ്ഥാവകാശം പിടിച്ചെടുത്ത് ആചാരാനുഷ്ഠാനങ്ങള്‍ നിഷേധിച്ചതുപോലെ കാനനപാത വഴി യാത്ര ചെയ്യാനുള്ള അവകാശവും സമുദായത്തിന് എന്നെന്നേക്കുമായി നിഷേധിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും നേതാക്കൾ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കാനനപാത അടയ്ക്കുവാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. പാത അടയ്ക്കുന്നതിനു മുന്‍പ് സമുദായവുമായി ദേവസ്വം ബോര്‍ഡ് ആലോചിക്കാതിരുന്നത് മനഃപൂര്‍വാണ്. ഈ പാത സ്ഥിരമായി അടയ്ക്കുന്നതിലൂടെ ദേവസ്വം ബോര്‍ഡിന്‍റെ മാത്രം അമ്പലങ്ങളില്‍ വരുമാനം ലഭിക്കുന്നതിനുള്ള നീക്കമാണിതിനു പിന്നില്‍.

പരമ്പരാഗത പാത അടയ്ക്കാനുള്ള നീക്കം കഴിഞ്ഞ കുറേ കാലങ്ങളായി നടന്നുവരുകയായിരുന്നു. തന്നെ കാണാനെത്തുന്ന ഭക്തര്‍ക്കായി ഭഗവാന്‍ ശ്രീ അയ്യപ്പന്‍ നിര്‍ദേശിച്ച പുണ്യപാതയാണിത്. മല അരയര്‍ കൂടാതെ, ലക്ഷോപലക്ഷം അയ്യപ്പഭക്തരാണ് ഈ പാതയിലൂടെ യാത്രചെയ്തിരുന്നത്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച കാലം മുതല്‍ ഭക്തര്‍ ഉപയോഗിക്കുന്ന പാതയാണിത്.

പുണ്യമലകളായ കാളകെട്ടിമല, ഇഞ്ചിപ്പാറമല, പുതുശേരിമല, കരിമല എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാത അടയ്ക്കുന്നത് വിശ്വാസത്തിനും ആചാരത്തിനും വിരുദ്ധമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന മല അരയ ഭക്തര്‍ ഈ വഴികളിലൂടെ മാത്രമാണ് നൂറ്റാണ്ടുകളായി ശബരിമല ദര്‍ശനം നടത്തുന്നത്.

ഈ വഴി അടയ്ക്കുന്നതിലൂടെ ഭക്തരുടെ അഭീഷ്ടം നിഷേധിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. പാത കടന്നുപോകുന്ന ഇഞ്ചിപ്പാറമല, കാളകെട്ടിമല, നിലയ്ക്കല്‍ മല, കരിമല തുടങ്ങിയ പ്രദേശങ്ങളിലാണ് മുന്‍പ് 18 മലകളിലും അധിവസിച്ചിരുന്ന മല അരയ സമുദായാംഗങ്ങള്‍ ഇപ്പോഴും കഴിയുന്നതെന്നും അവർ പറഞ്ഞു.

Tags:    
News Summary - mala araya mahasabha pressmeet about sabarimala forest road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.