'മകള്‍ക്കൊപ്പം': പ്രതിപക്ഷ നേതാവ് കാമ്പസുകളിലേക്ക്; തുടക്കം മൊഫിയയുടെ കോളജില്‍ നിന്ന്

തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച 'മകള്‍ക്കൊപ്പം' കാമ്പയിന്‍റെ മൂന്നാംഘട്ടത്തിന് നാളെ തുടക്കമാകും. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയ പഠിച്ചിരുന്ന തൊടുപുഴ അല്‍-അസര്‍ കോളജില്‍ രാവിലെ 11ന് ആരംഭിക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മൊഫിയയുടെ പിതാവ് ദില്‍ഷാദും പങ്കെടുക്കും.

സ്ത്രീധനത്തിനെതിരെ കേരളത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്ക്കരണ പരിപാടികളുമാണ് മകള്‍ക്കൊപ്പം കാമ്പയിന്‍റെ മൂന്നാംഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് കാമ്പയിന്‍റെ ലക്ഷ്യം. പെണ്‍കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആണ്‍കുട്ടികളും പഠിക്കണം. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ പങ്കാളിയായി കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയണം. ഇനി ഒരു കുടുംബത്തിനും സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുപ്രവര്‍ത്തകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്ത്രീധന- ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് കേരളത്തില്‍ ആത്മഹത്യകള്‍ കൂടിയ സാഹചര്യത്തിലാണ് 'മകള്‍ക്കൊപ്പം' കാമ്പയിന് പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചത്. കാമ്പയിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയില്‍ ടോള്‍ ഫ്രീ നമ്പര്‍ (ടോള്‍ ഫ്രീ നമ്പര്‍: 1800 425 1801) ഏര്‍പ്പെടുത്തുകയും സൗജന്യ നിയമസഹായത്തിനായി സംസ്ഥാനത്തെ 82 കോടതി സെന്‍ററുകളില്‍ 126 അഭിഭാഷകരെ ചുമതപ്പെടുത്തുകയും ചെയ്തു.

മൂന്നു മാസത്തിനിടെ 111 പരാതികളാണ് കന്‍റോണ്‍മെന്‍റ് ഹൗസിലെ ഹെല്‍പ് ഡെസ്‌കില്‍ ലഭിച്ചത്. ഈ പരാതികള്‍ അതത് കോടതികളിലെ അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നാണ് ടോള്‍ ഫ്രീ നമ്പറിലേക്ക് എറ്റവുമധികം പേര്‍ വിളിച്ചത്.

Tags:    
News Summary - ‘Makal Oppam’ Phase III: Opposition Leader Goes to Campus; Starting from Mofiya's College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.