തിരുവല്ല: എം.സി റോഡിലെ തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിങ് സെന്‍ററിൽ വൻ അഗ്നിബാധ. രണ്ട് ജീപ്പുകളും രണ്ട് കാറുകളും കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
എസ്.എൻ.ഡി.പി തിരുവല്ല താലൂക്ക് യൂണിയൻ മുൻ പ്രസിഡന്‍റ് കരിപ്പക്കുഴി സുകുമാരന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കാർത്തിക കാർ വാഷിങ് സെന്‍ററിനോട് ചേർന്ന് ഇടുക്കി സ്വദേശി ദീപക്, അടൂർ സ്വദേശി ജ്യോതിഷ് എന്നിവരുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കാർത്തിക കാർ വാഷിങ് സെന്‍ററിൽ ആണ് അഗ്നിബാധ ഉണ്ടായത്.
ഒരു കാറും ഒരു ജീപ്പും പൂർണമായും കത്തി നശിച്ചു. സംഭവം കണ്ട സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ മൂന്ന് അഗ്നിശമനസേന യൂനിറ്റുകൾ ചേർന്ന് രണ്ട് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമനസേന എത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് സർവീസിനായി എത്തിച്ചേരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. ഏകദേശം 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ ആരാധനാലയത്തിന്‍റെ പിൻവശത്തെ വിറകുപുരയിലും വൻ അഗ്നിബാധ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.