കോഴിക്കോട്: കോഴിക്കോട് പാളയം ആനിഹാൾ റോഡിലെ ജയലക്ഷ്‌മി സിൽക്സിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് നാലുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിൽ തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ലെങ്കിലും വൻ നാശനഷ്ടമാണുണ്ടായത്.
അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്കെത്തിച്ചു. തീ ആളിപ്പടർന്നതോടെ മേൽക്കൂര ഷീറ്റുകൾ കത്തി അടർന്നുവീണു. ചില്ലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് താഴേക്ക് വീണു.
കെട്ടിടത്തിന്റെ പിൻഭാഗത്തെ മൂന്നാംനിലയിലാണ് തീയും പുകയും ആദ്യമുയർന്നത്. നിമിഷങ്ങൾക്കകം തീ നാലാംനിലയിലേക്കും പടർന്നു. ബീച്ച് അഗ്നിരക്ഷാ യൂനിറ്റാണ് ആദ്യമെത്തിയത്. കെട്ടിടത്തിന്റെ മുൻഭാഗത്തെ റോഡിന്റെ എതിർഭാഗത്ത് പെട്രോൾപമ്പുണ്ടായിരുന്നത് ഏറെ ഭീതിപടർത്തി.
എന്നാൽ, ആറരയോടെതന്നെ തീ നിയന്ത്രണാതീതമായി. വെള്ളിമാടുകുന്ന്, മീഞ്ചന്ത അഗ്നിരക്ഷാനിലയങ്ങളിൽനിന്ന് അഞ്ചോളം യൂനിറ്റുകളെത്തി തീയണക്കാൻ ശ്രമിച്ചു. ഏഴരയോടെ അഗ്നിരക്ഷാസേന അംഗങ്ങൾ പുറംഭാഗത്തെ തീ നിയന്ത്രണ വിധേയമാക്കി ഗോവണിവഴി മൂന്നാം നിലയിൽ കയറാനായത് ഏറെ ആശ്വാസമായി.
ഇടക്കിടെ ഗ്ലാസ് പൊട്ടിത്തെറിച്ചത് അണക്കാനുള്ള ശ്രമത്തിന് തടസ്സമായി. ആനിഹാൾ റോഡിൽനിന്ന് ഒരേ സമയം മൂന്ന് വാഹനങ്ങളിൽനിന്ന് വെള്ളം ചീറ്റിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കൂടുതൽ അപകടം ഒഴിവാക്കാൻ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
2023ലും ഇവിടെ വലിയ തീപിടിത്തമുണ്ടായി കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു. അന്തരീക്ഷത്തിൽ ഏറെനേരം കറുത്ത പുകയും രൂക്ഷഗന്ധവും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.