അദാനി പോർട്ട് ചെയർമാനായി ഇസ്രായേൽ സ്ഥാനപതി; വിമർശനവുമായി മഹുവ മൊയ്ത്ര

ന്യൂഡൽഹി: ഇസ്രയേലിലെ അദാനിയുടെ തുറമുഖത്തിന്റെ ചെയർമാനായി മുൻ ഇസ്രായേൽ സ്ഥാനപതി ചുമതലയേറ്റതിനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് മഹുവ മൊയ്ത്ര. 2018-21ൽ ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയായിരുന്ന റോൺ മൽക്കയാണ് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഹൈഫ തുറമുഖ കമ്പനിയുടെ (എച്ച്.പി.സി) എക്സിക്യുട്ടീവ് ചെയർമാനായി കഴിഞ്ഞ ദിവസം ചുമതലയേറ്റത്.

അദാനിയുടെ ഇസ്രായേൽ ഇടപാടുകൾ എത്രത്തോളം വൃത്തിയുള്ളതാണെന്ന് റോൺ മൽക്കയുടെ നിയമനം വ്യക്തമാക്കുന്നുണ്ടെന്ന് മൊയ്ത്ര പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹിന്ദുത്വ പ്രോപഗൻഡ സിനിമയായ വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീർ ഫയൽസി’നെതിരെ വിമർശനമുന്നയിച്ച ഇസ്രായേലി ചലച്ചിത്ര നിർമ്മാതാവ് നദവ് ലാപിഡിനെതിരെ റോൺ മൽക്ക പരസ്യമായി രംഗത്തെത്തിയിരുന്നു. റോൺ മൽക്കയും സംഘ്പരിവാറും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെിതെന്നും ആരോപണമുയരുന്നുണ്ട്. അദാനിയുടെ കുളിമുറിയിൽ എല്ലാവരും നഗ്നരാണെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തു.

“ഇന്ത്യയിലെ ഇസ്രായേൽ മുൻ സ്ഥാനപതിയെ അദാനിയുടെ ഹൈഫ പോർട്ട് ചെയർമാനായി നിയമിച്ചു! അദാനിയുടെ ഇസ്രായേൽ ഇടപാടുകൾ എത്രത്തോളം വൃത്തിയുള്ളതാണെന്ന് ഈ മനുഷ്യൻ പുരപ്പുറത്തുകയറി വിളിച്ചുകൂവുന്നുണ്ട്. ബോളിവുഡിലെ ഹിന്ദുത്വ പ്രോപഗൻഡ സിനിമയെ വിമർശിച്ചതിന് ചലച്ചിത്ര നിർമാതാവ് നദവ് ലാപിഡിനെ ഇയാൾ (റോൺ മൽക്ക) അപലപിച്ചിരുന്നു. അദാനിയുടെ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്’ എന്നായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്.

എച്ച്.പി.സി എക്സിക്യുട്ടീവ് ചെയർമാനായി ചുമതലയേറ്റെന്ന വിവരം മൽക്കയാണ് ഞായറാഴ്ച ട്വീറ്റിലൂടെ അറിയിച്ചത്. ‘അദാനി ഗ്രൂപ്പിന് വേണ്ടി ഹൈഫ പോർട്ട് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി ഇന്ന് ചുമതലയേൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അദാനിയുടെയും ഗദോത്തിന്റെയും അനുഭവപരിചയവും വൈദഗ്ധ്യവും തുറമുഖ തൊഴിലാളികളുടെ സമർപ്പണവും ഹൈഫ തുറമുഖത്തെ അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങളിലെത്തിക്കും’ എന്നായിരുന്നു ട്വീറ്റ്.

ഷിപ്പിങ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിൽ ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ, ടൂറിസ്റ്റ് ക്രൂയിസ് കപ്പലുകളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണ്. കഴിഞ്ഞ ജൂലൈയിലാണ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണും ഇസ്രയേലിലെ ഗദോത്ത് ഗ്രൂപ്പും ചേർന്ന് തുറമുഖം ലേലത്തിൽ നേടിയത്. 118 കോടി ഡോളറിനായിരുന്നു (ഏകദേശം 9710 കോടി രൂപ) ഈ ഏറ്റെടുക്കൽ.

2023 ജനുവരിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ സംബന്ധിച്ച ചടങ്ങിൽ തുറമുഖം അദാനി ഗ്രൂപ്പിന് ഔദ്യോഗികമായി കൈമാറി.

Tags:    
News Summary - Mahua Moitra reacts as Israel’s ex-envoy Ron Malka named Adani Group's Haifa port chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.