മ​ഹി​ജ നാ​ട്ടി​ലെത്തി

തിരുവനന്തപുരം/കോഴിക്കോട്: ശനിയാഴ്ച മുഖ്യമന്ത്രി അനുവദിച്ച കൂടിക്കാഴ്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം ബാക്കിനിർത്തി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കുടുംബവും നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ബുധനാഴ്ച രാവിലെ 6.30ഓടെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസിലായിരുന്നു മടക്കം. വൈകുന്നേരം അഞ്ചോടെ  കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ  മഹിജക്കും ബന്ധുക്കൾക്കും നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.  കോഴിക്കോടു നിന്ന് റോഡ് മാർഗം രാത്രി പത്തോടെ അവർ വളയത്തെ വീട്ടിലെത്തി.  വീട്ടിൽ  വികാര നിർഭര രംഗങ്ങൾക്ക് നാട്ടുകാരും മാധ്യമപ്രവർത്തകരും സാക്ഷ്യം വഹിച്ചു.

സമരം അവസാനിപ്പിച്ചതിന് തൊട്ടടുത്ത ദിവസംതന്നെ സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത് മഹിജയെയും കുടുംബത്തെയും നിരാശരാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത്. ഇക്കാര്യം മഹിജ യാത്രക്ക് മുമ്പ് പരസ്യമായി പറയുകയും ചെയ്തു. ‘‘ശ്രീജിത്ത് ആരുടെയോ സ്വാധീനത്തിൽ വീണെന്ന് പറഞ്ഞതിൽ മുഖ്യമന്ത്രിക്ക് തെറ്റുപറ്റി. ശ്രീജിത്ത് ആരുടെയും സ്വാധീനവലയത്തില്‍ വീണിട്ടില്ല. അഥവാ വീണിട്ടുണ്ടെങ്കിൽ ജിഷ്ണുവി​െൻറ നീതിക്കായുള്ള സമരത്തിൽ ഈ പെങ്ങളുടെ സ്വാധീനത്തിൽ മാത്രമാണ്. ആങ്ങളയും പെങ്ങളും തമ്മിൽ വലിയ ബന്ധമുണ്ട്. ആ ബന്ധം തിരിച്ചറിയണം. ത​െൻറയും ശ്രീജിത്തി​െൻറയും വാക്ക് മുഖവിലക്കെടുത്താലേ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണൂ. ജിഷ്ണു പ്രണോയിക്ക് നീതിലഭിച്ചു എന്ന വിശ്വാസത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്’’ -മഹിജ പറഞ്ഞു.

ചികിത്സയിലിരുന്ന ജിഷ്ണുവി​െൻറ അമ്മാവൻ ശ്രീജിത്തിനെയും ബുധനാഴ്ച രാവിലെയാണ് ഡിസ്ചാർജ് ചെയ്തത്. പെങ്ങൾക്കുവേണ്ടിയാണ് സമരം നയിച്ചതെന്ന് ശ്രീജിത്ത് പ്രതികരിച്ചു. സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഏറ്റവും വിശ്വാസ്യതയുള്ള രണ്ടാളുകളുമായാണ് കരാര്‍ ഉണ്ടാക്കിയത്. അത് അവരുടെ കൈയിലും ഞങ്ങളുടെ മനസ്സിലുമുണ്ട്. അത് നടപ്പാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശ്രീജിത്ത് പറഞ്ഞു. അതേസമയം, സമരം അവസാനിപ്പിക്കുന്നതി​െൻറ ഭാഗമായി സർക്കാർപ്രതിനിധി സംഘവുമായി ഉണ്ടാക്കിയ കരാറി​െൻറ പകർപ്പല്ല മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നൽകിയതെന്ന് ആരോപണമുണ്ട്. കരാറിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പാണ് നൽകിയത്. ഇത് കുടുംബം സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

Tags:    
News Summary - mahija reach calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.